സിനിമാ മേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ചലച്ചിത്രമേളയുടെ ഭാഗമായിരുന്ന ആളാണ് നടി പ്രിയങ്ക. മേളയുടെ ഓര്‍മകള്‍ പ്രിയങ്ക മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വയ്ക്കുന്നു.
പ്രിയങ്കയുടെ വാക്കുകളിലേക്ക്...
2002 മുതല്‍ മേള കാണുന്നയാളാണ് ഞാന്‍. അപൂര്‍വം ചില വര്‍ഷങ്ങളില്‍ മാത്രമേ മേളയ്ക്ക് എത്താതിരുന്നിട്ടുള്ളൂ. നല്ല തിരക്കുള്ള സമയത്തും ഇവിടെ എത്താനും രണ്ടു മൂന്നു ചിത്രങ്ങളെങ്കിലും കാണാനും ശ്രമിച്ചിട്ടുണ്ട്. ഇത്തവണ എന്തായാലും കുറച്ചധികം സമയം മേളയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്ന് നേരത്തേ വിചാരിച്ചിരുന്നു. എട്ടാം തീയതി മുതല്‍ തന്നെ ഇവിടെയുണ്ട്.
വെറുതെ വന്ന് സിനിമ കണ്ടു പോകുന്നതിനേക്കാളും ഇത്തവണ മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്താണ് കണ്ടത്. അതുകൊണ്ടുതന്നെ കുറച്ച് നല്ല ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. അഭിനേത്രി എന്നതിലുപരി സിനിമയെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയില്‍ മേള നടക്കില്ല എന്നറിഞ്ഞപ്പോള്‍ ഏറെ വിഷമമുണ്ടായി. സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ആ വിഷമമുണ്ടാവും.
സിനിമാ മേലയിലേക്ക് കടക്കുന്നതിനു മുന്നേ മേളയ്ക്ക് എത്തിത്തുടങ്ങിയ ആളെന്ന നിലയില്‍ മേളയുമായി അത്രയും അടുത്ത ഒരാത്മബന്ധമുണ്ട്. തിരുവനന്തപുരത്തുകാരി ആയതു കൊണ്ടു തന്നെ ചലച്ചിത്രമേള ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ കൂടിയാണ്. ഒരു തവണ മേളയ്ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ അതൊരു വല്ലാത്ത വിഷമമാണ്.
ചെറിയ ചെറിയ പരാധീനതകള്‍ ഉണ്ടെങ്കില്‍ പോലും ഒരു പ്രളയം കഴിഞ്ഞ ശേഷം ഇത്തരത്തില്‍ ഒരു മേള നടത്തുക എന്നു പറയുന്നത് വലിയ കാര്യം തന്നെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡെലിഗേറ്റ്സിന്റെ എണ്ണം കുറവാണെങ്കിലും ഉള്ളവരെല്ലാവരും ചേര്‍ന്ന് മേളയെ സജീവമാക്കുന്നുണ്ട്.
ഇത്തവണ ഇതുവരെ പതിനഞ്ചോളം ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. കണ്ടതില്‍ ഇഷ്ടപ്പെട്ടതില്‍ അധികവും ലോക സിനിമാ വിഭാഗത്തില്‍ പെട്ടതാണ്. മത്സര വിഭാഗത്തിലും കുറച്ച് നല്ല ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ലെബനീസ് ചിത്രം കാപര്‍നോം ആണ് കണ്ടതിലേറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഐ.എഫ്.എഫ്.ഐ.യില്‍ കാണാന്‍ കഴിയാതെ പോയ ചില ചിത്രങ്ങള്‍ നമ്മുടെ മേളയിലുണ്ട്. അവയും കാണണം എന്നു വിചാരിക്കുന്നു.
Content Highlights: Actress priyanka interview, IFFK, Priyanka,IFFK 2018