റാനിയന്‍ സംവിധായകന്‍ മജീദ് മജീദി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖം

താങ്കള്‍ ജൂറി ചെയര്‍മാന്‍ ആയിട്ടുള്ള ആദ്യമേള? ഇത്തവണത്തെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?  

നല്ല സിനിമകള്‍ തന്നെയാണ് ഇത്തവണയും. പ്രളയാനാന്തരം കേരളം ഉയര്‍ത്തെഴുന്നേറ്റു നില്കുന്നു. പരിമിതികള്‍  ഒരുപാടുണ്ടായിരുന്നുവെങ്കിലും സിനിമയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. മികച്ച പ്രാതിനിധ്യമുള്ള  മേളയാണ്.

താങ്കള്‍  സംവിധാനം ചെയ്ത മുഹമ്മദ് ദി മെസ്സഞ്ചര്‍ ഇത്തവണത്തെ മേളയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്? എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.അതേക്കുറിച്ച്  എന്താണ്  പറയാനുള്ളത്?

ഈ  അവസരത്തില്‍ അതേക്കുറിച്ച്  ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ അനുമതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രദര്‍ശനത്തിന് ശേഷം പറയാം.

കേരളത്തിലെ സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് താങ്കളുടെ ചിത്രങ്ങള്‍  കാണുന്നത്. മിക്ക വര്‍ഷങ്ങളിലും  താങ്കളുടെ സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇവിടുത്തെ പ്രേക്ഷകരെ എങ്ങിനെ നോക്കി കാണുന്നു?

വളരെ ബൗദ്ധിക നിലവാരമുള്ള സിനിമാ  പ്രേമികളാണ് കേരളത്തിലുള്ളത്.. ലോക സിനിമയെ ഗൗരവപൂര്‍വം  നോക്കി കാണുന്നവര്‍. ഇറാനില്‍ നിന്നു വന്ന എനിക്കും എന്റെ സിനിമകള്‍ക്കും എന്നും എല്ലായ്‌പ്പോഴും മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ തന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏത് സംവിധായകനും  ആഗ്രഹിക്കുന്ന  തരത്തിലുള്ള വിലയിരുത്തലുകളാണ് ഇവിടെ നടക്കുന്നത്. മോശം  സിനിമകളെ  ശക്തമായി  വിമര്‍ശിക്കുന്നവരാണ്  മലയാളികള്‍.  അതുകൊണ്ടു തന്നെ നിലവാരമില്ലാത്ത സിനിമകള്‍ക്കു  ഇവിടെ  സ്ഥാനമില്ല.

കേരളത്തിലേക്ക് സിനിമയുമായി വരുമ്പോള്‍ എനിക്ക് തോന്നിയ ഉത്തരവാദിത്തം വളരെ വലുതാണ്.നിങ്ങളുടെ  സ്‌നേഹവും കരുതലും  കൂടുതല്‍  നല്ല  സിനിമകള്‍  ഉണ്ടാകാന്‍  എനിക്ക്  പ്രചോദനം നല്‍കുന്നു

ആദ്യമായി താങ്കള്‍ ഇന്ത്യന്‍ ഭാഷയില്‍ സിനിമ എടുത്തു. ബോംബെയുടെ പശ്ചാത്തലത്തില്‍' ബീയോണ്ട് ദി ക്ളൗഡ്സ്' അതിനു പ്രചോദനമായത്  എന്താണ്

സംഗീതം ഭാഷക്ക് അതീതമാണെന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് സിനിമയും. ഇന്ത്യയുടേയും ഇറാന്റെയും  സംസ്‌കാരങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ മറ്റൊരു ഭാഷയില്‍ സിനിമ എടുക്കുമ്പോള്‍ ഉണ്ടാകേണ്ട വെല്ലുവിളികള്‍ ഒന്നും എനിക്ക് ഉണ്ടായില്ല. ആ സിനിമ എനിക്കേറെ പ്രിയപ്പെട്ടതാണ്.

മലയാള സിനിമകള്‍ ഗൗരവത്തോടെ കാണുന്ന ഒരാളാണല്ലോ താങ്കള്‍. മറ്റ് സിനിമാ മേഖലകളുമായി മലയാള സിനിമയെ താങ്കള്‍ താരതമ്യം ചെയുമ്പോള്‍ എന്ത്  തോന്നുന്നു?
ചെറുതാണെങ്കിലും മികച്ച സിനിമകള്‍ പിറക്കുന്ന ഇടമാണ് മലയാളം. ഇവിടെ യുവതലമുറയില്‍ ഒരുപാടു മികച്ച  സംവിധായകര്‍ ഉണ്ടാകുന്നുണ്ട്. മറ്റു മേഖലകളില്‍ അത് കുറവാണ്. ഇറാനില്‍ ഇപ്പോള്‍ അധികം യുവസംവിധായകര്‍ മുന്‍പോട്ടു വരുന്നില്ല എന്നാണ് തോന്നുന്നത്.

ContentHighligts: Majeed majeedi interview, iffk 2018 Thiruvanathapuram