നാല് വനിതാ സംവിധായകരുടെ സാന്നിധ്യമാണ് രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ സവിശേഷതകളിലൊന്ന്. ആകെയുള്ള പതിനാല് മത്സര ചിത്രങ്ങളില്‍ നാലെണ്ണം സ്ത്രീ സംവിധായകരുടേതായിരുന്നു. അതില്‍ മൂന്നു പേരും പുതുമുഖ സംവിധായികമാര്‍. വ്യക്തമായ മാധ്യമബോധവും രാഷ്ട്രീയവും പ്രകടിപ്പിക്കുന്നുണ്ട് ഇവരുടെ ചിത്രങ്ങള്‍.

ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റ്, ബ്രസീലിയന്‍ എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ ദി സൈലന്‍സ്, അര്‍ജന്റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ദി ബെഡ്, ഇന്ത്യന്‍ നാടകപ്രവര്‍ത്തകയും സംവിധായികയുമായ അനാമിക ഹക്‌സറിന്റെ ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.
                                                                                                                    
അസുഖബാധിതയായ അയല്‍ക്കാരിയെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായ ഡെബ്റ്റ് ഒരു ചെറുകിട പ്രിന്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൂഫാന്റെ ജീവിതമാണ് സിനിമ പറയുന്നത്. കേവല മനുഷ്യര്‍ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ അര്‍ഥതലങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഈ ചിത്രം ഏതു കാലത്തും ഏതു പ്രദേശത്തും പ്രസക്തമായ വിഷയമാണ് ചിത്രത്തിന്റേത്. 

ബിയാട്രീസ് സെയ്നറുടെ 'ദ സൈലന്‍സ്' എന്ന ചിത്രം രാജ്യാതിര്‍ത്തികള്‍ക്കിടയിലൂടെ, മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. കൊളംബിയയിലെ രൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം ആഭ്യന്തര കലാപത്തില്‍ കുടുംബം ഛിന്നഭിന്നമായതോടെ ബ്രസീലിലേയ്ക്ക് പലായനം ചെയ്യുന്ന അമ്പാരോ എന്ന സ്ത്രീയുടേയും കുട്ടികളുടെയും കഥ, യാഥാര്‍ഥ്യവും മിത്തുകളും ഇടകലര്‍ത്തി അവതരിപ്പിക്കുന്നു. മത്സരവിഭാഗത്തിലെ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു ഇത്.  

ഏഷ്യയിലെ ആദ്യപ്രദര്‍ശനത്തിന് എത്തിയ അര്‍ജന്റീനിയന്‍ ചിത്രമായ ദി ബെഡ്, വീട് വിട്ട് പുറപ്പെടാനൊരുങ്ങുന്ന മധ്യവയസ്‌കരായ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ദാമ്പത്യത്തിന്റെ അവസാന നിമിഷങ്ങള്‍ ഇതിവൃത്തമാക്കുന്നു. ദാമ്പത്യബന്ധത്തിന്റെ സങ്കീര്‍ണതകള്‍ തേടുന്ന ഈ ചിത്രം കുടുംബം എന്ന വ്യവസ്ഥയുടെ അര്‍ഥങ്ങളെയും അര്‍ഥരാഹിത്യങ്ങളെയും ചര്‍ച്ചയ്ക്കുവെക്കുന്നു. ലളിതമെങ്കിലും ധ്വന്യാത്മകമായ പരിചരണംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ചിത്രം.

പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഡല്‍ഹി എന്ന മഹാനഗരത്തിന്റ പുറംമോടികള്‍ക്കടിയില്‍ ആരും ശ്രദ്ധിക്കാതെ അഴുക്കുചാലുകള്‍ക്കരികിലും വഴിയോരങ്ങളിലും കിടന്നുറങ്ങുന്നവരും റിക്ഷ വലിക്കാരും പോക്കറ്റടിക്കാരും ചുമട്ടുകാരുമെല്ലാമാണ് കഥാപാത്രങ്ങള്‍. ഒരുവശത്ത് വളര്‍ന്നു വികസിക്കുന്ന നാഗരികസമൂഹവും അവിടങ്ങളില്‍ അദൃശ്യരായി ജീവിക്കുന്ന മറ്റൊരു കീഴാളസമൂഹവും തമ്മിലുളള വൈരുദ്ധ്യമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. ആനിമേഷനുകളും ഗ്രാഫിക് ചിത്രീകരണങ്ങളുമെല്ലാം ചേര്‍ത്ത് രേഖീയമല്ലാത്ത ആഖ്യാനം ഈ ചിത്രത്തിന് പുതിയൊരു ദൃശ്യാനുഭവം നല്‍കുന്നു.

Content Highlights : 23rd iffk 2018 latest news updates, iffk 2018 indepth, iffk 2018 films