സുഹൃത്തുക്കളോടൊത്ത് സിനിമകള്‍ കണ്ടൊന്ന് കറങ്ങണം. അതായിരുന്നു ചലച്ചിത്രമേള കാണാന്‍ പോവുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്. അതിലുപരി ചലച്ചിത്രമേളയെ കുറിച്ചോ അവ നല്‍കുന്ന അനുഭവവെളിച്ചത്തെ കുറിച്ചോ മനസ്സിലാക്കിയിരുന്നില്ല. ഐ.എഫ്.എഫ്.കെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് വളരെ ലാഘവത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. വാണിജ്യസിനിമയുടെ പുറംമോടികളെ  മാത്രം കണ്ടിട്ടുള്ള എനിക്ക് ചലച്ചിത്രോത്സവം പച്ച മനുഷ്യരുടെ ജീവിതചിത്രം  വെളിവാക്കി തരുന്ന  പുതിയ അനുഭവമായി. ഓരോ സിനിമയും ഓരോ ലോകമാണ്. ആ ലോകം ഒരേ സമയം ചെറുതും വലുതുമാക്കുന്നു.

ജീവിതത്തിരക്കുകള്‍ക്കും മായക്കാഴ്ച്ചകള്‍ക്കുമപ്പുറം സിനിമയെന്ന പരിണാമകലയെ അതിന്റെ സ്വതന്ത്ര മനോഭാവത്തോടെ വിലയിരുത്തുന്ന കലാസ്‌നേഹികളുടെ സംഗമഭൂമി.അതാണ് എല്ലാ വര്‍ഷവും തലസ്ഥാന നഗരിയില്‍ നടക്കുന്ന ചലച്ചിത്രമേള. യഥാര്‍ത്ഥത്തില്‍ സിനിമയുടെ അളവുകോല്‍ എന്താണ്. അതിന്റെ കാലിക പ്രസക്തി, കലയോടുള്ള സമീപനം, അഭിനേതാക്കളുടെ അഭിനയ മികവ് ... അങ്ങിനെ സിനിമയുടെ വിജയത്തിന്(വാണിജ്യ വിജയമല്ല) ഒരുപാട് ഘടകങ്ങളുണ്ട്. ആ രസക്കൂട്ടുകളെല്ലാം കൃത്യമായ ചേരുവയിലെത്തിയാല്‍ അവയ്ക്ക് കാണികളുടെ ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ കഴിയും.

ഇത്തരത്തില്‍ ഹൃദയം കീഴടക്കുന്ന സിനിമകളുടെ വേദിയാണിത്. രാജ്യാന്തര സിനിമകളടക്കം അതിന്റെ തനി ചേരുവയോടെ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ലോകവും ചിന്തയും വിശാലമാകുന്നു.

ഉദ്ഘാടന സിനിമ അസ്‌കര്‍ ഫര്‍ഹാരിയുടെ 'എവരിബഡി നോസ്'. ഒരു സ്പാനിഷ് ചലച്ചിത്രം.വിദേശസിനിമകളില്‍ കുടുംബ ബന്ധങ്ങളുടെ ആഴവും നിര്‍വ്വചനവും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഈ സിനിമ നമുക്ക് പറഞ്ഞുതരും. ഒരു തയ്യാറെടുപ്പുമില്ലാതെയാണ് 'ഉടലാഴ'മെന്ന മലയാള സിനിമ കാണാന്‍ പോയത്. സംവിധാനം ഉണ്ണികൃഷ്ണന്‍ ആവള. ആദിവാസി യുവാവ് മണി നായകനാവുന്ന ചിത്രം. ഉടലിന്റെ അളവുകള്‍ തെറ്റിപോയവരുടെ കഥയാണിത്. കാടിനുമുള്‍ക്കൊള്ളാന്‍ കഴിയാത്ത ഗുളികന്റെ കഥ. അവന്റെ ശരിയല്ലാത്ത ഉടലിനെ താങ്ങുന്ന മാതിയുടെ കഥ.

എ.സി തിയേറ്ററില്‍ തറയിലിരുന്ന് സിനിമ കാണുക എന്നത് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ജയരാജിന്റെ ഭയാനകം 124 മിനിറ്റ് തറയിലിരുന്ന് കാണാന്‍ കലാപ്രേമികള്‍ക്ക് മാത്രമേ സാധിക്കൂ. 'തറടിക്കറ്റ്' എന്ന് കുട്ടിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ പരസ്പരം കളിയാക്കാറുള്ളതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.തറയിലിരുന്നുള്ള ആ ആസ്വാദനം പക്ഷെ അധികം വൈകാതെ തന്നെ  ലഹരിയായി മാറി.

ചൈനീസ് സംവിധായിക ആഷ് മെയ്‌ഫെയറിന്റെ 'തേഡ് വൈഫ്' ദൃശ്യശ്രാവ്യ വിസ്മയങ്ങള്‍ക്കപ്പുറം പെണ്‍നിസ്സഹായതയെ അവതരിപ്പിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ഗൗതം സൂര്യ സുദീപ് എളമണ്‍ എന്നിവരുടെ 'സ്ലീപ്ലെസ്ലി യുവേഴ്‌സ് ',മെല്‍ഗിപ്‌സന്റെ 'അപ്പോകാലിപ്‌റ്റോ', നന്ദിതാ ദാസിന്റെ 'മാന്റോ' എന്നിവ  മേളയിലെ ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്.

ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ മാ യൗ' ഓരോ പ്രാവശ്യവും കാണുമ്പോള്‍ മലയാളി എന്ന നിലയില്‍ അഭിമാനം തോന്നും.സംവിധായകനും തിരക്കഥാകൃത്തിനും കുറച്ച് പിറകിലായി ഇരിക്കുമ്പോള്‍ കുറച്ചഹങ്കാരവും. സിനിമ കണ്ടിറങ്ങിയപ്പോള്‍ തിരക്കഥാകൃത്ത് പി എഫ് മാതൃൂസിനെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.ആനന്ദലബ്ധിക്കിനി എന്ത് വേണം.

ഇവിടെ സിനിമാ ആസ്വാദകരും സ്രഷ്ടാക്കളും ഒന്നാകുന്നു.സ്വന്തം ചലച്ചിത്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ആസ്വാദകരോടൊപ്പം കാണാനും അവരുടെ ആശയങ്ങള്‍ പരസ്പരം പങ്ക് വയ്ക്കാനും ഇരുകൂട്ടര്‍ക്കും കിട്ടുന്ന അവസരം. മാസം ഒന്നോ രണ്ടോ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുന്ന എനിക്ക് ഐ.എഫ്.എഫ്.കെ സമ്മാനിച്ചത് ലോക ക്‌ളാസിക്കുകള്‍ ആസ്വദിക്കുന്നതിനുള്ള അവസരമാണ്. ഓട്ടോയിലും ബസ്സിലും കാല്‍നടയായും ഒരു തിയേറ്ററില്‍ നിന്ന് മറ്റൊന്നിലേക്ക് മാരത്തണ്‍ ഓട്ടമോടുമ്പോള്‍ അത് നല്‍കിയത് നിര്‍വ്വചിക്കാനാവാത്ത ആനന്ദമാണ്.

പ്രായലിംഗഭോദമന്യെ സ്വദേശികളും വിദേശികളും അടങ്ങുന്ന കലാപ്രേമികളെ ഒരുമിപ്പിക്കുന്ന മാധ്യമമായി സിനിമ മാറുന്നത് എനിക്ക് അപൂര്‍വ്വ കാഴ്ച്ചയായി. സിനിമ കാണാന്‍ വേണ്ടി നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ അത് വഴി പരിചയപ്പെടുന്ന വ്യക്തികള്‍ അവരുടെ ഐ.എഫ്.എഫ്.കെ അനുഭവങ്ങളും ജീവതങ്ങളും പങ്കുവച്ചത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ്  കേട്ടത്.

ഞാനിപ്പോള്‍ അവാച്യമായ അനുഭവ തീഷ്ണതകളുടെ ലോകത്താണ്.സിനിമ നല്‍കുന്നത് മാസ്മരികതയല്ല, ദേശഭേദമന്യെ അത് വെളിപ്പെടുത്തുന്ന പച്ചമനുഷ്യരുടെ നിസ്സഹായരുടെ തുറന്ന് പറച്ചിലാണ് എന്ന് എനിക്കിപ്പോള്‍ ബോധ്യമുണ്ട്. എന്റെ ചെറിയ ലോകം വലുതാവുകയാണ്.

അശ്വതിക്കുട്ടി ഹരിദാസ്
മാതൃഭൂമി മീഡിയാ സ്‌കൂള്‍ 

Content Highlights : 23rd IFFK 2018 International Film Festival of Kerala 2018, Movie Review, Experience