സിനിമകള്‍ മാത്രമല്ല ചലച്ചിത്ര മേളകളെ വ്യത്യസ്തവും സജീവവുമാക്കുന്നത്. സിനിമാ തിയേറ്ററുകള്‍ക്ക് പുറത്തുനടക്കുന്ന ചില എക്‌സ്ട്രാ കലാപാരിപാടികളും മേളയ്ക്ക് കൊഴുപ്പേകും. അത്തരത്തില്‍ ഒരുദ്യമമാണ് തിരുവനന്തപുരം വെമ്പായം സ്വദേശി ശ്യാം ചെയ്യുന്നത്. പാവകളിയാണ് ശ്യാമിന്റെ ഐറ്റം.

മൂന്ന് പാവകളുമായാണ് ശ്യാമും സുഹൃത്ത് ഗിരീഷും ചലച്ചിത്രമേളയ്‌ക്കെത്തിയത്. ഒരെണ്ണം താറാവിന്റെ രൂപത്തിലുള്ളതാണെങ്കില്‍ മറ്റുരണ്ടെണ്ണം സാന്താക്ലോസിനെ ഓര്‍മിപ്പിക്കുന്നതാണ്. ഇതിലൊരെണ്ണം സ്ത്രീകഥാപാത്രമാണ്. കൈവിരലുകളുടെ താളത്തിനനുസരിച്ച് മൂവരും നടക്കും ഓടും ചാടും നൃത്തംവെയ്ക്കും. അങ്ങനെ കാണിപര്യമുള്ളവര്‍ക്ക് പാവകളെ സ്വന്തം കൈകൊണ്ട് കളിപ്പിക്കാനും അവസരമുണ്ട്.

തിരശ്ശീലയ്ക്ക് പിറകില്‍ നിന്നുകൊണ്ട് നിഴല്‍രൂപങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചുകൊണ്ടുള്ള പാവകളിയാണ് നമ്മള്‍ പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ കാഴ്ചക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന തെരുവ് പാവകളോടാണ് അല്‍പം പ്രിയമെന്ന് ശ്യാം പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിയില്‍ ഒരു പാവകളി കണ്ടപ്പോള്‍ തുടങ്ങിയതാണ് വെല്‍ഡിങ് തൊഴിലാളിയായ ശ്യാമിന് പാവകളോടുള്ള കമ്പം. ഇപ്പോള്‍ കയ്യിലുള്ള പാവകളെല്ലാം ശ്യാം സ്വയം നിര്‍മിച്ചതാണ്.

അലുമിനിയം പൈപ്പുകള്‍ വെല്‍ഡ് ചെയ്താണ് പാവകള്‍ നിര്‍മിച്ചത്. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞവര്‍ഷമാണ് പാവനിര്‍മാണവും കളിയുമെല്ലാം വിജയംകണ്ടതെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. നിരവധി വേദികളില്‍ ഇതിനോടകം തന്നെ ശ്യാമും കൂട്ടുകാരനും പാവകളി നടത്തിക്കഴിഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷം സമൂഹത്തിന് ഏതെങ്കിലും രീതിയില്‍ ബോധവല്‍ക്കരണം നല്‍കുന്ന രീതിയില്‍ ഈ കലാരൂപത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.