തിരുവനന്തപുരം: ഐഎഫ്എഫ്‌കെയ്ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കിയിരിക്കി സിഡിറ്റ്. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ മുതല്‍ ഓരോ തീയറ്ററുകളിലെയും കാഴ്ചക്കാരുടെ എണ്ണം വരെ കൃത്യമായി അറിയാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്വകാര്യ കമ്പനികളാണ് ഇത്തരത്തിലുള്ള ക്രമീകണങ്ങള്‍ നടത്തിയിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ വിജയത്തില്‍ ഉപയോഗപ്രദമാക്കാന്‍ കഴിയും എന്നതാണ് ഇക്കൊല്ലത്തെ ഐഎഫ്എഫ്‌കെ തെളിയിക്കുന്നത്. 

വിദ്യാര്‍ഥികള്‍, പൊതുപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ ഘട്ടങ്ങളിലായി നടത്തിയ രജിസ്‌ട്രേഷനില്‍ സ്ഥിരം സംഭവിക്കാറുള്ള വെബ്‌സൈറ്റിന്റെ പണിമുടക്ക് ഈ വര്‍ഷം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിനിധികള്‍ക്ക് അതാതു സമയങ്ങളിലെ വിവരങ്ങള്‍ അറിയുന്നതിനുള്ള എസ്എംഎസ്, ഇമെയില്‍ സംവിധാനങ്ങളും സിഡിറ്റ് ഒരുക്കിയിട്ടുണ്ട്.  

പാസുകളുടെ വിതരണ പുരോഗതിയും ഓരോ സമയങ്ങളിലും അറിയാന്‍ കഴിയും. ഇതിലൂടെ തിരക്ക് കൂടുമ്പോള്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കാന്‍ കഴിയും. സ്വതന്ത്രമായ ജനറിക് സോഫ്റ്റ്‌വെയറാണ് വെബ്‌സൈറ്റിനും മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ക്കും സിഡിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ക്ലൗഡ് സംവിധാനത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ എത്ര തിരക്ക് വന്നാലും വെബ്‌സൈറ്റിന് തടസം നേരിടുകയില്ല. പ്രതിനിധിളുടെയും കാണുന്ന സിനിമകളുടെയും വിവരങ്ങള്‍ ലഭിക്കുക വഴി ചലച്ചിത്ര അക്കാദമിക്ക് വലിയ തോതിലുള്ള വിവരശേഖരമണ് സാധ്യമാകുന്നത്. ഷോട്ട് ഫിലിം ഡോക്യുമെന്ററി മേളകള്‍ക്ക് അടക്കം ചലച്ചിത്ര അക്കാദമിയുടെ മറ്റ് പരിപാടികള്‍ക്കും ഇതേ രജിസ്‌ട്രേഷന്‍ തന്നെ ഉപയോഗപ്പെടുത്താനാകും. 

c dit

ഓരോ പ്രദര്‍ശനത്തിന് മുമ്പും പാസിന്റെ ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്യപ്പെടും. ഇതിലൂടെ ഓരോ പ്രിതിനിധിയും കണ്ട ചിത്രങ്ങളുടെ വിവരങ്ങളും അറിയാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ആപ്പ് വഴിയും ഐഎഫ്എഫ്‌കെ സൈറ്റ് വഴിയും ചിത്രങ്ങള്‍ക്കായി റിസര്‍വ് ചെയ്യാം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ റിസര്‍വേഷന്‍ നടത്താന്‍ കഴിയും. റിസര്‍വേഷന്‍ പിന്‍വലിച്ച ശേഷം വീണ്ടും മറ്റൊരു ചിത്രം റിസര്‍വ് ചെയ്യാം. ഇതിന് പരിധിയില്ല. ഓരോ തിയറ്ററുകളിലെയും റിസര്‍വേഷനും ജനറല്‍ സീറ്റുകളും ഷോയ്ക്ക് കയറിയവരുടെ എണ്ണവും പുറത്തെ സ്‌ക്രീനില്‍ അറിയാന്‍ കഴിയും. ചിത്രം തുടങ്ങും മുമ്പ് റിസര്‍വ് ചെയ്യപ്പെടാത്ത സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേയ്ക്ക് മാറ്റും. സിഡിറ്റിന്റെ ഹോളോഗ്രാം തയ്യാറാക്കിയ സ്റ്റിക്കര്‍ പ്രതിനിധി പാസുകളില്‍ പതിച്ചിട്ടുള്ളതിനാല്‍ വ്യാജ പാസുകള്‍ തിരിച്ചറിയാനും തടയാനും കഴിയും എന്ന സവിശേഷതയും മേളയ്ക്കുണ്ട്.