തിരുവനന്തപുരം: നല്ല ഒരു സിനിമാ ആസ്വാദകനാണ് തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശി അരവിന്ദ്. അതുകൊണ്ടാണ് സ്വന്തം വൈകല്യങ്ങള്‍ പോലും മറന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം കാണാനെത്തിയത്. 

ആദ്യമായാണ് അഭിഭാഷകന്‍ കൂടിയായ അരവിന്ദ് ചലച്ചിത്രമേളയ്ക്കത്തുന്നത്. നാവികസേനയില്‍ നാവികനായി ജോലി ചെയ്തിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു അരവിന്ദിന്. ഒരിക്കല്‍ ക്ഷണിക്കാതെ വന്ന അതിഥിയേപ്പോലെയെത്തിയ അപകടം ഈ യുവാവിന്റെ ഇരുകാലുകളും തളര്‍ത്തി. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിയുന്നത്.

സൗത്ത് ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അത്ര ഇഷ്ടമല്ല അരവിന്ദിന്. മലയാളത്തില്‍ കാണുന്നതാകട്ടെ വളരെ സെലക്റ്റീവായും. ലിജോ ജോസ് പെല്ലിശ്ശേരി, മധുപാല്‍ എന്നിവരെയാണ് ഏറെ ഇഷ്ടം. സുര്‍ജിത് എന്ന സുഹൃത്താണ് അരവിന്ദിന്റെ സഹായത്തിനായി ഒപ്പമുള്ളത്.  സുര്‍ജിത്തും നല്ല സിനിമകളെ സ്‌നേഹിക്കുന്നയാള്‍ തന്നെ. പരമാവധി സിനിമകള്‍ കാണുക എന്നത് തന്നെയാണ് ഇരുവരുടേയും ലക്ഷ്യം.