സിനിമയോട് അങ്ങേയറ്റത്തെ അഭിനിവേശമാണ് തൃശൂര്‍കാരി ഫാത്തിമ ജസീലയ്ക്ക്. ഒരുപാട് സിനിമകള്‍ കണ്ടിട്ടുമുണ്ട്. ഈ സിനിമകളൊക്കെ ഫാത്തിമ ജസീല കണ്ടത് വീട്ടിലിരുന്നാണ്. മറ്റു പലതിനേക്കാളുമേറെ സിനിമയെ സ്നേഹിക്കുന്ന ഫാത്തിമ ആദ്യമായി ഒരു തിയേറ്ററില്‍ പോകുന്നത് ഇപ്പോഴാണ്. പത്തിരുപത് വയസ്സായശേഷം. ഫാത്തിമ തിയേറ്ററില്‍ പോയി ഒരു സിനിമ കാണുന്നത് ഇത്തവണത്തെ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ചാണ്. മേളയുടെ ഉദ്ഘാടനച്ചിത്രമായ ഇന്‍സള്‍ട്ട്. 

ഇതൊരു വെറും ചിത്രമല്ല, ഒരു ചരിത്രം തന്നെയായിരുന്നു ഫാത്തിമയ്ക്ക്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആ ആവേശം അടക്കാന്‍ കഴിഞ്ഞതുമില്ല. ഇതെന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. സിനിമയിലേയ്ക്കുള്ള ആദ്യ കാല്‍വെപ്പാണ്. ഒരു സിനിമയെടുക്കണമെന്നാണ് എന്റെ മോഹം-ആവേശത്തോടെ ജേണലിസം വിദ്യാര്‍ഥിയായ ഫാത്തിമ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തന്റെ കോഴ്സിന്റെ ഭാഗമായാണ് ഇത്തവണ ചലച്ചിത്രോത്സവത്തിന് എത്തിയത്.

'ഞാനാദ്യമായാണ് ഐഎഫ്എഫ്കെയില്‍ വരുന്നത്. ഇവിടെ വെച്ചാണ് ഞാന്‍ ജീവിതത്തിലാദ്യമായി തിയേറ്ററില്‍ കയറുന്നതും. ഇത്തവണത്തെ ഉദ്ഘാടന ചിത്രമായ 'ദ ഇന്‍സല്‍ട്ട് ' ആയിരുന്നു. വളരെ നല്ലൊരു അനുഭവമായിരുന്നു. ത്രില്ലിങ് ആയിരുന്നു.. ഞാന്‍ ഇവിടുന്ന് പരമാവധി സിനിമകള്‍ കണ്ടു. പല രാജ്യങ്ങളില്‍ നിന്നുള്ള, പല കാലങ്ങളിലുള്ള,  പല വിഭാഗങ്ങളില്‍ നിന്നുള്ള സിനിമകള്‍ കണ്ടു. പല തരത്തിലുമുള്ള സിനിമകള്‍ കാണാനാണ് ശ്രമിക്കുന്നത്. ഒരു ദിവസം തന്നെ അഞ്ചോ ആറോ സിനിമകള്‍ കാണുന്നുണ്ട്. ഒട്ടുമിക്ക തിയേറ്ററുകളിലും ഞാന്‍ പോയി..' ഫാത്തിമയ്ക്ക് ആവേശം അടക്കാനാവുന്നില്ല. 

സിനിമ എനിക്ക് നല്ല ഇഷ്ടമായിരുന്നു. എന്നാല്‍, മുമ്പ് തിയേറ്ററില്‍ പോയി കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു മാധ്യമ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സിനിമ എന്റെ ഉള്ളിലുണ്ട്. സ്വന്തമായി ഒരു സിനിമ എടുക്കണം എന്നൊരു മോഹമുണ്ട്. അതിന്  ഇറങ്ങിപ്പുറപ്പെട്ടതു തന്നെയാണ്. തിയേറ്ററില്‍ പോയിരുന്നില്ലെങ്കിലും ടിവിയിലും ഓണ്‍ലൈനിലുമെല്ലാം ധാരാളം സിനിമകള്‍ കാണുമായിരുന്നു. സിനിമ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.

ഇവിടെ ഒരുപാട് പ്രശസ്തരായ ആളുകളെയും സെലിബ്രിറ്റികളെയുമെല്ലാം കാണാന്‍ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ആവേശവും ആകാംക്ഷയുമുണ്ടായിരുന്നു. ഭയങ്കര ത്രില്ലടിച്ചാണ് ഞാന്‍ വന്നത്. ഭാഗ്യലക്ഷ്മി മാമിനെ കാണാനായത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കലാകാരിയാണ് അവര്‍. അവാര്‍ഡ് നേടിയ നടി പ്രിയങ്കയെയും മേനകച്ചേച്ചിയെയുമെല്ലാ കണ്ടു. ഇതെന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാണ്. സിനിമാരംഗത്തേയ്ക്കുള്ള ആദ്യ ചുവടുവെപ്പായാണിത്-ഫാത്തിമ ജസീല പറഞ്ഞു.