കുട്ടികളുടെ നിഷ്‌കളങ്കത, കളിക്കൂട്ടങ്ങള്‍, കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ അവരിലേക്ക് തുറന്നുവച്ച ക്യാമറ. അതില്‍ പതിഞ്ഞ സത്യസന്ധമായ കാഴ്ചകള്‍-അതാണ് 'വില്ലേജ് റോക്ക്സ്റ്റാഴ്‌സ്' എന്ന അസമീസ് ചിത്രം. അനുഭവ സമ്പത്തിന്റെ മേന്മയല്ല കലയുടെ മാറ്റ് നിര്‍ണയിക്കുക എന്ന് അരക്കിട്ടുറപ്പിക്കുന്ന സിനിമാ അനുഭവം. സാധാരണ ജീവിതത്തിലെ അതിലും സാധാരണ കാഴ്ചകള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. കെട്ടുകാഴ്ചകളുടെ ഒരു ഫ്രെയിമും ഇതില്‍ കാണാനാവില്ല. 

ഒരു സിനിമ എന്നതില്‍ ഉപരി ഒരു കലാരൂപമെന്ന നിലയിലും നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്നു ഈ സിനിമ. ഒരു സ്ത്രീയുടെ ഒറ്റയാള്‍ സിനിമ എന്ന് വിശേഷിപ്പിക്കാം വില്ലേജ് റോക്ക്സ്റ്റാഴ്‌സിനെ. കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം എന്നിങ്ങനെ ഈ സിനിമയുടെ ഏതാണ്ട് എല്ലാ പ്രധാന റോളുകളും ഒറ്റയ്ക്ക് നിര്‍വഹിക്കുകയാണ് റിമ ദാസ് എന്ന സംവിധായിക. ഒരു 'വണ്‍ വുമണ്‍ ആര്‍മി സിനിമ'.

ഇന്ത്യയില്‍ ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ തങ്ങിനില്‍ക്കുന്ന നന്മയുടെ ശേഷിപ്പുകള്‍ ഈ സിനിമയില്‍ ഉടനീളമുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തിനെ ചൂഷണം ചെയ്യാതെ അവയോട് സമരസപ്പെട്ട് ജീവിക്കുന്ന ജനതയും നാടുമാണ് ഈ സിനിമയിലുള്ളത്. അവിടെ വരള്‍ച്ചയും വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന വെള്ളപ്പൊക്കവും കൃഷിനാശവും അതിനുമുന്നില്‍ തോല്‍ക്കാതെ എല്ലാം നഷ്ടപ്പെട്ടിട്ടും വീണ്ടും വിത്ത് വിതയ്ക്കുന്ന ജനതയും ജീവിക്കുന്ന ഗ്രാമം. അസമിലെ ചഹായ്‌ഗോണ്‍ ഗ്രാമം. അവിടുത്തെ പാടങ്ങള്‍, മഴക്കാലമെത്തുമ്പോള്‍ വെള്ളം നിറയുന്ന പാടങ്ങള്‍, അവിടെ മീന്‍പിടിച്ചും വെള്ളത്തില്‍ കളിച്ചും ബാല്യകാലം ആസ്വദിക്കുന്ന കുരുന്നുകള്‍. സിനിമയ്ക്കായി ഉണ്ടാക്കിയ കഥാപാത്രങ്ങള്‍ എന്നതില്‍ ഉപരി സിനിമയിലേക്ക് കഥാപാത്രങ്ങള്‍ കടന്നുവരുന്ന അനുഭൂതി. 

10 വയസ്സുകാരിയായ ധുനു എന്ന പെണ്‍കുട്ടിയും അവളുടെ കളിക്കൂട്ടുകാരും അവരുടെ സ്വപ്നങ്ങളും ഒക്കെയാണ് ഇതിലുള്ളത്. ദാരിദ്ര്യം ആണ് അവളുടെ കൊച്ചുവീടിന്റെ അവസ്ഥ. പിതാവ് നഷ്ടപ്പെട്ട അമ്മയും സഹോദരനും മാത്രം അടങ്ങുന്ന കുടിലിലെ ജീവിതം. നിനച്ചിരിക്കാതെ എത്തിയ വെള്ളപ്പൊക്കത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് കാണേണ്ടി വന്നതിനാല്‍ മകളെ നിര്‍ബന്ധമായും ആ അമ്മ നീന്തല്‍ പഠിപ്പിക്കുന്നു. മകളുടെ ഒരു ആഗ്രഹത്തിനും ആ അമ്മ നോ പറയുന്നില്ല. അവിടെ ജനിച്ച ഒരാള്‍ക്ക് കാണാനാകുന്ന സ്വപ്നങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ വിലങ്ങുണ്ട്. പക്ഷേ അവള്‍ ആഗ്രഹിക്കുന്നത് കൂട്ടുകാര്‍ക്കൊപ്പം ഒരു ബാന്‍ഡാണ്. അതിലേക്ക് ഓരോരുത്തരും ഓരോ ഉപകരണം വീതം കണ്ടെത്തണം. അവളുടെ നിയോഗം പിന്നീട് ആഗ്രഹമായി വളരുന്നത് ഒരു ഗിറ്റാറാണ്. തെര്‍മോകോള്‍ ഒക്കെ ഉപയോഗിച്ച് ഒരു മാതൃക ഉണ്ടാക്കി അവള്‍ ആ സ്വപ്നം കാണുന്നു. അമ്മയോട് തന്റെ ആഗ്രഹം അവള്‍ പറഞ്ഞു. അതിനിടയില്‍ വെള്ളപ്പൊക്കം എത്തുന്നു. നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കി. തന്റെ സ്വപ്നമായ ഗിറ്റാറിലേക്ക് ആ കൊച്ചുപെണ്‍കുട്ടി സമ്പാദിക്കുന്നത് അവള്‍ ശേഖരിച്ച് വക്കുന്ന ഇടം-ഇതൊക്കെ കണ്ട് കൈയ്യടിക്കാതിരിക്കുന്നതെങ്ങനെ.

സ്വന്തമായി എഴുതി, എഡിറ്റ് ചെയ്ത്, ഒരിക്കല്‍ പോലും അമച്വര്‍ സ്വഭാവത്തിലേക്ക് വഴുതാതെ കാക്കുന്നു സംവിധായിക. മൂന്നരവര്‍ഷമെടുത്ത് തിരക്കഥ പൂര്‍ത്തിയാക്കിയ സിനിമ 150 ദിവസത്തിലേറെ എടുത്താണ് ചിത്രീകരിച്ചത്. സ്വാഭാവികതയുടെ നിറവാണ് ആ സിനിമയുടെ ആകര്‍ഷണം. ഒപ്പം അതിന്റെ സത്യസന്ധതയും. സന്തോഷം അത് ആഗ്രഹത്തിന്റെ അറ്റമാണെന്ന് സിനിമ ഓര്‍മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ സ്വന്തം ഗ്രാമത്തിനുള്ള സംവിധായികയുടെ പ്രണയലേഖനമാകുന്നു ഈ സിനിമ.