പ്രകൃതിയോട് എതിരിടാനും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുമുള്ള മനുഷ്യന്റെ ജന്മ ചോദനകളുടെയും പ്രകൃതിയമായുള്ള മനുഷ്യന്റെ ആധ്യത്മികവും ജൈവികവുമായ ബന്ധനത്തിന്റെയും തീക്ഷ്ണമായ ദൃശ്യാഖ്യാനമാണ് ടുണീഷ്യന്‍ ചിത്രമായ ദ ലാസ്റ്റ് ഓഫ് അസ്. പ്രമേയ രൂപവത്കരണത്തിലും ദൃശ്യപരിചരണത്തിലും നിരവധി സവിശേഷതകളുള്ള ചിത്രമാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഭയാര്‍ഥിത്വത്തിന്റെ സമകാലിക യാഥാര്‍ഥ്യങ്ങ്ള്‍ പ്രതിഫലിപ്പിക്കുന്ന അപ്റൂട്ടഡ്- ഐഡന്റിറ്റി ആന്‍ഡ് സ്പേസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദ ലാസ്റ്റ് ഓഫ് അസ്. അല ഇദ്ദിന്‍ സ്ലിം സംവിധാനം ചെയ്ത ഈ ചിത്രം പല തലങ്ങളില്‍ വ്യാഖ്യാനിക്കാവുന്ന സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന സിനിമയാണ്.

ഉഷരമായ മരുഭൂമിയിലൂടെ നടന്നു നീങ്ങുന്ന രണ്ട് മനുഷ്യരില്‍നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആഫ്രിക്ക ലക്ഷ്യമാക്കി നീങ്ങുന്ന രണ്ട് അഭയാര്‍ഥികളാണ് അവര്‍. വഴിയില്‍ ആയുധ ധാരികളാല്‍ ആക്രമിക്കപ്പെടുന്ന അവര്‍ വേര്‍പിരിയുന്നു. പിന്നീട് അവരിലൊരാളുടെ യാത്രയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. കഥാപാത്രങ്ങള്‍ക്കൊന്നും ചിത്രത്തില്‍ പേരുകളില്ല. മുന്നോട്ടുള്ള യാത്രയില്‍ പേരുകളും അസ്തിത്വവും തന്നെ അപ്രസക്തമാകുന്ന യാഥാര്‍ഥ്യങ്ങളിലൂടെയാണ് അവര്‍ക്ക് കടന്നുപോകേണ്ടിവരുന്നത് എന്നതുകൊണ്ടാാകാം അത്. ചിത്രത്തില്‍ സംഭാഷണങ്ങളുമില്ല. 

കറുത്തവംശജനായ പ്രധാന കഥാപാത്രത്തിന്റെ യാത്ര അഭയാര്‍ഥി ജീവിതത്തില്‍നിന്നുള്ള പലായനവും പുതിയ ലോകം തേടിയുള്ള മോചനയാത്രയുമാണ്. കടല്‍ കടന്ന് അയാളെത്തിച്ചേരുന്ന വനാന്തരങ്ങളില്‍ ലക്ഷ്യമില്ലാതെ അലയുന്ന അയാള്‍ പ്രാകൃത രൂപമുള്ള ഒരു വൃദ്ധനെ കണ്ടുമുട്ടുന്നു. ആദിമ മനുഷ്യന്റെ രൂപഭാവങ്ങളും വാസനകളുമുള്ള ആ മനുഷ്യനും അയാളുമായി ഒരു സവിശേഷ ബന്ധം രൂപംകൊള്ല്‍ന്നു. കാലങ്ങളായി വനത്തില്‍ ജീവിക്കുന്ന ആ വൃദ്ധന്‍ വന്യതയെ മറികടക്കാനും അതിനോട് സഹജീവിതം സാധ്യമാക്കാനും അയാളെ പഠിപ്പിക്കുന്നു. ഒടുവില്‍ വൃദ്ധന്‍ മരിക്കുന്നതോടെ വനത്തില്‍ ഒറ്റയ്ക്കാവുന്ന അയാള്‍ പതിയെപ്പതിയെ വനത്തില്‍ അലിഞ്ഞു ചേരുകയാണ്.

തുടക്കം മുതല്‍ ഒടുക്കംവരെ പ്രധാന കഥാപാത്രം യാത്ര ചെയ്യുകയാ0ണ്. വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെ, സാഹചര്യങ്ങളിലൂടെ അയാള്‍ കടന്നുപോകുന്നുണ്ട്. ലോകം നേരിടുന്ന അഭയാര്‍ഥിത്വം എന്ന പ്രശ്നത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. എന്നാല്‍ സമകാലിക ലോകത്തിന്റെ രാഷ്ട്രീയ സങ്കീര്‍ണതകളല്ല ചിത്രം പറയുന്നത്. മനുഷ്യന്‍ എന്ന ജീവിയുടെ എക്കാലത്തെയും പ്രശ്നമായ അഭയാര്‍ഥിത്വവും പലായനവുമെന്ന വിശാലമായ ഭൂമികയാണ് സിനിമയുടേത്. അതുകൊണ്ടുതന്നെ, എല്ലായിടത്തെയും എക്കാലത്തെയും മനുഷ്യന്‍ നേരിടുന്ന വ്യഥകളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നു പറയാം. 

യാത്രയുടെയും കാടിന്റെയും അതിജീവനത്തിന്റെയും സ്ൂക്ഷ്മതകളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആദ്യം മുതല്‍ അവസാനംവരെ പിന്‍തുടരുന്ന സിനിമയുടെ സവിശേഷമായ താളം ശ്രദ്ധേയമാണ്. സ്വാഭാവിക വെളിച്ചം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ചിത്രീകരണവും സംഭാഷണം ഇല്ലാത്തതും അത്യപൂര്‍വമായി മാത്രം കടന്നുവരുന്ന പശ്ചാത്തല സംഗീതവും കാടിന്റെ സജീവമായ ശബ്ദകലവികളുമെല്ലാം ചേര്‍ന്ന് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെയും സംവേദനങ്ങളുടെയും അനുഭവം ശക്തമായി ആവിഷ്‌കരിക്കാന്‍ ദ ലാസ്റ്റ് ഓഫ് അസിന് സാധിക്കുന്നുണ്ട്. 

സ്വന്തമെന്നു പറയാന്‍ ഒരു നാടില്ലാതെ, സാമൂഹികമോ രാഷ്ട്രീയമോ വംശീയമോ ആയ കാരണങ്ങളുടെ പേരില്‍ എക്കാലവും അഭയാര്‍ഥിയായി തുടരുന്ന മനുഷ്യരുടെ സമകാലികാവസ്ഥകളുടെ പശ്ചാത്തലമാണ് ദ ലാസ്റ്റ് ഓഫ് അസ് -ന് ഉള്ളത്. നിരന്തരം പുറന്തള്ളപ്പെടുന്ന, അരികുവത്കരിക്കപ്പെടുന്ന ജനതയുടെ യഥാര്‍ഥ ഭൂമി ഏതാണെന്ന ചോദ്യം ചിത്രം മുന്നോട്ടുവയ്ക്കുന്നു. അവിടെയെത്താനുള്ള യാതനാഭരിതമായ യാത്രയുടെ അന്ത്യത്തെക്കുറിച്ചുള്ള ആശങ്കയും ചിത്രം പങ്കുവയ്ക്കുന്നു.