സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത് കാഴ്ചയുടെ അശാന്തിയും വികാരങ്ങളുടെ ഉദ്ദീപനവുമാണ്. പ്രത്യേകിച്ചും ഒരു ചലച്ചിത്രോത്സവത്തിലെ സിനിമകള്‍. സാബിത് ജര്‍മാന്‍ബെക്കോവിന്റെ റിട്ടേണി എന്ന കസാഖ്​സ്താൻ സിനിമ പ്രേക്ഷകമനസ്സിനെ തീര്‍ച്ചയായും അശാന്തിയിലേക്കാനയിക്കും. 

അഫ്ഗാനിസ്താനിൽ നിന്നും സവാര്‍ക്കുള്‍സും കുടുംബവും സ്വന്തം നാടായ കസാഖ്​സ്താനിലേയ്ക്ക് പോകാന്‍ രേഖകള്‍ സംഘടിപ്പിക്കുകയും അവര്‍ നാലുപേരും കസാഖ്​സ്താനിലേയ്ക്ക് യാത്രതിരിക്കുകയും ചെയ്യുന്നു. യാത്രയ്ക്കിടയില്‍ വിശ്വാസവും സമൂഹത്തിന്റെ വിലക്കുകളും മറികടന്ന് അവര്‍ കസാഖ്​സ്താന്റെ യുദ്ധാനന്തര പദേശത്തെത്തുന്നു. അവിടെ അതിജീവനത്തിന്റെ പ്രശ്‌നം ഉയരുന്നു. പള്ളിയുമായി ബന്ധപ്പെട്ട തൊഴിലല്ലാതെ അയാള്‍ക്ക് മറ്റ് തൊഴിലൊന്നുമറിയില്ല. ആ ഗ്രാമത്തിലാണെങ്കില്‍ പള്ളിയുമില്ല. മകളെ വിദ്യാഭ്യാസം ചെയ്യിക്കാത്തതിന് സ്ഥലത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നീ മധ്യകാലഘട്ടത്തിലെ ആള്‍ക്കാരാണോ എന്ന്. ശരീരമാസകലം വസ്ത്രത്തില്‍ മൂടിയിരിക്കുന്ന ഭാര്യയും മൂടിപ്പുതച്ചിരിക്കുന്ന ഊമയായ മകളും അപ്പോള്‍ പ്രേക്ഷകന് വല്ലാത്തൊരു നോവ് നല്‍കുന്നു. ഇവന്‍ കഥാപാത്രങ്ങളല്ല, നമുക്കറിയാവുന്നവര്‍ എന്നൊരു തോന്നല്‍ അറിയാതെ നമ്മളില്‍ കയറിവരും അപ്പോള്‍.

ആ കുടുംബം കസാഖ്​സ്താനിൽ ജീവിതം ആരംഭിക്കുകയാണ്. സവാര്‍കൂള്‍സ് യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമത്തിലെ പള്ളി പുതുക്കിയെടുക്കുന്നു. അതിജീവനത്തിന്റെ പ്രത്യാശയാണ് അയാള്‍ക്ക് ആ പള്ളി. വിശ്വാസത്തേക്കാള്‍ അതിജീവനം പ്രധാനപ്രശ്‌നമാകുന്ന പ്രക്രിയ.

ഇതിനിടയില്‍ സവാര്‍കൂള്‍സിന്റെ പിതാവ് മരണമടയുന്നു. അവര്‍ക്കായി മയ്യത്തടക്കാന്‍ സ്ഥലമില്ല. അയാള്‍ ദൂരെ ഒരു സെമിത്തേരിയില്‍ അതിക്രമിച്ച് കടന്ന് കുഴിയെടുക്കുമ്പോള്‍ അയാള്‍ പിടിക്കപ്പെടുകയാണ്. എന്നാല്‍ പട്ടാളക്കാരന്റെ വീണ്ടുവിചാരത്തില്‍ മനുഷ്യത്വത്തിന്റെ പേരില്‍ അയാളുടെ സഹായത്തോടെ പിതാവിന്റെ ശരീരം അവിടെ മറവ് ചെയ്യുന്നു. പട്ടാളക്കാരന്റെ കുരിശ് വരയും പട്ടാളക്കാരന്റെ കരുണയും സവാര്‍കൂള്‍സിന് ഒരാശ്വാസമായാണനുഭവപ്പെടുന്നത്. തന്റെ പിതാവിനെ മറവുചെയ്യാനൊരിടം അതുമാത്രമായിരുന്നു അയാളുടെ ആഗ്രഹം.

സിനിമയിലൂടെ, പ്രേക്ഷകന്‍ അറിയാതെ സഞ്ചരിക്കുന്ന ഒരുദൃശ്യപകര്‍ച്ചയുണ്ട്. രാജ്യം മാറുമ്പോള്‍ അതായത് താമസന്തരീക്ഷം മാറുമ്പോള്‍ ആ മുസ്ലീം കുടുംബത്തിലെ സ്ത്രീയുടെ വസ്ത്രധാരണത്തില്‍ വന്ന് ചേരുന്ന വ്യത്യാസമാണ്. മു ശരീരമാസകലം വസ്ത്രത്തില്‍ മറഞ്ഞിരുന്ന സ്ത്രീ കസാഖ്​സ്താനിലെ ജീവിതത്തിനിടയിലെപ്പോഴോ മുഖംവരണം ഉപേക്ഷിക്കുകയാണ്. സിനിമ കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകന്‍ പോലുമറിയാതെയാണ് സിനിമയില്‍ ഈ വ്യതിചലനം നടക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് സിനിമയുടെ ദൃശ്യഭാഷയുടെ ഭംഗിതന്നെയാണ്. സന്നിവേശിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രേക്ഷകനില്‍ വിവിധ ഭാവത്തിലും വിവിധ ഭാവനയിലും വ്യാഖ്യാനിക്കുവാന്‍ കഴിയുന്ന ബഹുമുഖകല്പനകളാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. സിനിമാക്കാരന്‍ പ്രേക്ഷകനെക്കൊണ്ട് പറയിക്കുന്നു ഇതൊരു സിനിമയാണെന്ന്. ഖസാക്ക് സിനിമകള്‍ പൊതുവെ അങ്ങനെയാണ്. പ്രേക്ഷകന്‍ സിനിമയോടൊപ്പം സഞ്ചരിക്കുകയും സിനിമയെതിരിച്ചറിയുകയും ചെയ്യുന്ന രീതി. അതിന് ഖസാക്ക് സിനിമ കണ്ടെത്തുന്ന സങ്കേതങ്ങള്‍ പ്രകൃതി, മനുഷ്യന്‍, അവ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയാണ്. റിട്ടേണിയിലും അങ്ങനെതന്നെയാണ്. അതുകൊണ്ട് തന്നെ ഈ സിനിമ ഒരു മികച്ച സിനിമയാകുന്നതും. 

റിട്ടേണിയുടെ അവസാനം ഖസാക്‌സ്താനില്‍ വിദഗ്ദ ചികിത്സ ലഭിക്കുന്ന മകള്‍ക്ക് ശബ്ദം തിരിച്ചുകിട്ടുന്നു. അതും രാജ്യവും സംസ്‌കാരവും മാറുമ്പോള്‍ മനുഷ്യന്‍ ലഭിക്കുന്ന നേട്ടത്തിന്റെ കഥ കൂടിയാണ് റിട്ടേണി.