അസര്‍ബൈജാനില്‍ നിന്നൊരു സിനിമ. അതാണ് പൊമെഗ്രനേറ്റ് ഓര്‍ച്ചാഡ് അഥവാ നാര്‍ബാഗി. നാര്‍ബാഗി എന്നാല്‍ മാതള തോട്ടമെന്നാണ്. കഷ്ടപ്പെട്ട്, വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത നീര്‍മാതള പൂന്തോട്ടം ഉപജീവനമാക്കി ജീവിക്കുന്ന കുടുംബത്തിലേക്ക് 12 വര്‍ഷത്തിന് മുമ്പ് നാടുവിട്ടുപോയ മകന്‍ തിരിച്ചെത്തുന്നു. 

തന്റെ ഭാര്യയേയും മകനേയും ഒപ്പം അച്ഛനേയും മോസ്‌കോയിലേക്ക് കൊണ്ടുപോകുന്നതിനാണയാള്‍ വന്നിരിക്കുന്നത്. എന്നാല്‍ അതൊരു സ്വത്ത് തട്ടിയെടുക്കലിന്റെ കെണിയാണന്നറിയുവാന്‍ കഴിയാത്തതില്‍ ദുഃഖിക്കുവാനായിരുന്നു ആ കുടുംബത്തിന്റെ വിധി.

സ്ത്രീ, വിരഹത്തിന്റെ പ്രതിരൂപമായി ഈ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. ചിത്രീകരണ രീതിയും സംഭാഷണ സൗകുമാര്യതയും നാര്‍ബാഗിനെ ഒരു ഭേദപ്പെട്ട സിനിമയായി നിലനിർത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

98 ശതമാനവും മുസ്‌ലിങ്ങളുള്ള രാജ്യമാണ് അസര്‍ബൈജാന്‍. അവരുടെ സിനിമകള്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ കഥപറയുമ്പോള്‍ സ്വതന്ത്രമായാണ് ചിത്രീകരണം. നാര്‍ബാഗിലും സ്വതന്ത്ര സിനിമാ പ്രവര്‍ത്തനത്തിന്റെ വാരിവിതറലുകള്‍ കാണാം.