രീക്ഷണങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ചിത്രമെന്ന് വിശേഷിപ്പിക്കാം ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത നായിന്റെ ഹൃദയത്തെ. കണ്ടുപരിചയിച്ച സിനിമാസ്വാദനത്തെ മുഴുവന്‍ കീറി കാറ്റില്‍പ്പറത്തുന്ന ചിത്രമാണ് നായിന്റെ ഹൃദയം. കണ്ടുകൊണ്ടിരിക്കുന്നതല്ല കണ്ടതിനുശേഷമാണ് സിനിമ യഥാര്‍ഥത്തില്‍ തുടങ്ങുന്നത് എന്നും പറയാം. കാരണം തിയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയശേഷം പിന്നോട്ട് ആലോചിച്ച് അവനവന് ഇഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാം എന്നതു തന്നെ.

മിഖായേല്‍ ബള്‍ഗാക്കോവിന്റെ ഹാര്‍ട്ട് ഓഫ് എ ഡോഗ് എന്ന നോവലിന്റെ അതേപടിയുള്ള ചലച്ചിത്രാവിഷ്‌കാരമാണ് നായിന്റെ ഹൃദയം. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരു നായയെ മനുഷ്യനാക്കി മാറ്റുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഭൂരിഭാഗം രംഗങ്ങളും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. ചുറ്റുമുള്ള ശബ്ദങ്ങള്‍ ഉച്ചസ്ഥായിയിലാക്കി ഡയലോഗുകളെല്ലാം കീഴ്സ്ഥായിയിലാക്കുകയാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഒരു നായ മനുഷ്യനെ കേള്‍ക്കുന്നത് എങ്ങനെയായിരിക്കും എന്ന് സംവിധായകന്‍ ചിന്തിച്ചതിന്റെ ഫലമായിരിക്കാം ഈ ആവിഷ്‌കാരം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായയെ അവതരിപ്പിച്ചിരിക്കുന്നത് 2 ഡി അനിമേഷനായിട്ടാണ്. സിനിമയുടെ പ്രത്യേകതകള്‍ തീരുന്നില്ല. ബിംബങ്ങളിലൂടെ കഥപറയാനാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചിട്ടുള്ളത്. അതിനായി ചലിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം പലഭാഗങ്ങളിലും കഥാസന്ദര്‍ഭത്തിനനുസൃതമായി പെയിന്റിങ്ങുകളും ചേര്‍ത്തിട്ടുണ്ട്. സിനിമയാണോ അതോ ഡോക്യുമെന്ററിയാണോ എന്ന് കാഴ്ചക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ചിത്രം.

ഒരു കൊലപാതകത്തില്‍ തുടങ്ങി പശ്ചാത്താപത്തില്‍ അവസാനിക്കുന്ന ചിത്രം എന്നുവേണമെങ്കിലും നായിന്റെ ഹൃദയത്തെ വ്യാഖ്യാനിക്കാം. അലക്ഷ്യമായ ഒരു ഷോട്ടില്‍ തുടങ്ങുന്ന ചിത്രം പെട്ടന്ന് ഒരു കൊലപാതകത്തിലേക്ക് വഴിമാറുന്നത് അല്‍പ്പം ഞെട്ടലുളവാക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ പിന്നീടുള്ള പോക്ക് മന്ദഗതിയിലാണ്. കാതടപ്പിക്കുന്ന പശ്ചാത്തലസംഗീതവും സിനിമയെ മുന്നോട്ടുപോകുന്നതിന് സഹായിക്കുന്നുണ്ട്. ആദ്യരംഗത്തില്‍ കണ്ട ഷോട്ടുകളിലെ അലക്ഷ്യത പിന്നീട് പല രംഗങ്ങളിലും കാണാം.

മനുഷ്യനായി പരിണമിച്ച നായയ്ക്കാണോ അവനെ ആ രീതിയിലാക്കിയ മനുഷ്യര്‍ക്കാണോ ശരിക്കും നായിന്റെ ഹൃദയമെന്നത് ഓരേ കാഴ്ചക്കാരനും അവനവന്റെ ഭാവനയ്ക്ക് വിടേണ്ടതാണ് എന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.