പുരാതന ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഗലി ഗുലിയാന്‍ (ഇന്‍ ദി ഷാഡോസ്) എന്ന ഹിന്ദി ചിത്രം. അന്തര്‍മുഖനായ ഒരു മനുഷ്യന്റെ ഏകാന്ത ജീവിതം. പുറം ലോകവുമായി അയാളെ ബന്ധിപ്പിക്കുന്നത് വീടിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്ക്യൂട്ട് കാമറയാണ്. പുറത്തേയ്ക്ക് അയാള്‍ അധികം ഇറങ്ങാറില്ല, ആരുമായും സംസാരിക്കാറില്ല. ഇടയ്ക്ക് അയാളെ തേടിയെത്തുന്ന നല്ലവനായ സുഹൃത്ത് മാത്രമാണ് അയാളോട് സംസാരിക്കാറുള്ളത്. 

അയല്‍വാസിയായ വീട്ടമ്മയുടെ അവിഹിത ബന്ധം കാമറയിലൂടെ കാണുന്നതോടെ അയാള്‍ അസ്വസ്ഥനാകുന്നു. എന്നാല്‍ കഥയില്‍ മാറ്റം വരുത്തുന്നത് ഈ സംഭവമല്ല. ഭൂതകാലത്തിന്റെ അനുഭവങ്ങളാല്‍ അയാളില്‍ രൂപപ്പെട്ട സ്വഭാവത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. ആ സ്ത്രീയ്ക്ക് കുട്ടികള്‍ ഉണ്ട് എന്നതിലാണ് അയാള്‍ വ്യാകുലപ്പെടുന്നത്. അവിഹിത ബന്ധത്തോടുള്ള എതിര്‍പ്പാണ് അതിലൂടെ അടയാളപ്പെടുത്തുന്നത്.  

മരിച്ചുപോയ അമ്മയുടെ നെക്ലസ് തേടി സഹോദരന്‍ എത്തുന്നതോടെ കഥയില്‍ മാറ്റം വരുന്നു. പൂട്ടയിട്ട പഴയ മുറിയില്‍ നെക്ലസ് പരതുന്നതിനിടെ അയല്‍വാസിയായ കുട്ടിയുടെ ദുഃഖം അയാള്‍ അറിയുകയാണ്. ചുവരിനപ്പുറം അവനെ അവന്റെ അച്ഛന്‍ തല്ലുന്നതിന്റെ ശബ്ദവും കുട്ടിയുടെ കരച്ചിലുമാണ് അയാള്‍ കേള്‍ക്കുന്നു. അയാള്‍ അസ്വസ്ഥനാകുന്നു. ആ കുട്ടിയെ അന്വേഷിച്ച് ഗലികളിലൂടെ അയാള്‍ അലയുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പുരാതന ഡല്‍ഹിയെ ചിത്രം നന്നായി വരച്ചുകാണിക്കുന്നു. നിറമില്ലാതെ, തകര്‍ന്ന പ്രതാപത്തിന്റെ പൊടിക്കാലത്തില്‍ ജീവിതം ജീര്‍ച്ചിരിക്കുന്നതാണ് കഥയുടെ അവതരണം കാണിക്കുന്നത്.  

കുട്ടിയെയോര്‍ത്ത് അയാള്‍ വ്യാകുലപ്പെടുന്നു. സുഹൃത്തിനോട് അയാളത് പറയുന്നു. അലക്ഷ്യവും അരാജക പൂര്‍ണവുമായ ജീവിതം കൊണ്ട് അയാളുടെ ആരോഗ്യം നശിക്കുകയാണ്. അപ്പോഴും ആ കുട്ടിയാണ് അയാളുടെ ദുഃഖം. സമാന്തരമായി ഇദു എന്ന കുട്ടിയുടെയും ജീവിതവും ചിത്രം കാണിക്കുന്നു. ഇറച്ചി കച്ചവടക്കാരനായ പിതാവിനെ ജോലില്‍ സഹായിക്കുകയാണ് കുട്ടി. അയാളുടെ പരുഷമായ സ്വഭാവും അവിഹിത ബന്ധവും അവനില്‍ അയാളോട് വെറുപ്പ് സൃഷ്ടിക്കുന്നു. അമ്മയോടും അനുജനോടും അവന് അതിയായ സ്നേഹമാണ്. കുടുംബം പല തരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നു. ഒരേയൊരു സുഹൃത്താണ് അവനുള്ള ആശ്വാസം. 

ചിത്രത്തിന്റെ അവസാനം നായകന്‍ തിരിച്ചറിയുന്ന സത്യം അയാളെ അവിടെ നിന്ന് അപ്രത്യക്ഷനാക്കുന്നു. പുരാതന ഡല്‍ഹിയെ തൊട്ടറിയുവാന്‍ പ്രേക്ഷകന് ഈ ചിത്രത്തിലൂടെ സാധിക്കും. കുട്ടികളുടെ വ്യാകുലതകള്‍ ചിത്രം നന്നായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രദ്ധേയമാണ്. കാഴ്ചക്കാരന്‍ ഗലികളിലേയ്ക്ക് ഇറങ്ങിച്ചെന്നതിന് തുല്യമായ അനുഭവം അത് നല്‍കുന്നുണ്ട്. 

ദീപേഷ് ജയിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് ബാജ്പേയിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് ബാജ്പേയിയുടെ അഭിനയ മികവ് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചലച്ചിത്ര മേളയില്‍ ഗലി ഗുലിയാന്‍ പ്രദര്‍ശിപ്പിച്ചത്.