മിത നാടകീയതയുടെയും സഹതാപത്തിന്റെയും മേമ്പൊടികള്‍ ചേര്‍ത്ത് പാകപ്പെടുത്തിയാണ് ഭിന്നശേഷിയുള്ളവരുടെ ജീവിതം വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കപ്പെടാറുള്ളത്. ജീവിതത്തോടുള്ള അവരുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നതെങ്കില്‍ പോലും ദേശ ഭാഷാതീതമായി നിലവിലുള്ള രീതി ഇതുതന്നെയാണ്. അലി ഗവിറ്റാന്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ വൈറ്റ് ബ്രിഡ്ജ് ഇവിടെയാണ് വ്യത്യസ്തത പുലര്‍ത്തുന്നത്. അപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ച കൊച്ചുപെണ്‍കുട്ടി ബഹോരെയുടെ കഥ പറയുമ്പോള്‍ സഹതാപത്തിനപ്പുറം സാമൂഹ്യനീതിയിലാണ് സിനിമയുടെ ഊന്നല്‍. 

ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാതെ സ്‌പെഷല്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതാണ് ഇറാനിലെ നിയമം അനുശാസിക്കുന്ന രീതി. ക്ലാസില്‍ ഏറ്റവും മിടുക്കിയായിരുന്നിട്ടും അപകടത്തില്‍ വൈകല്യം സംഭാവിക്കുന്നതോടെ സ്‌കൂളിലെ അധ്യാപകര്‍ക്ക് ബഹോരെ ഒരു ബാധ്യതയാകുന്നു. അവളെ ദൂരെയുള്ള സ്‌പെഷല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്യുന്നു. അവളെ സ്‌കൂളില്‍ നിലനിര്‍ത്താനുള്ള അവരുടെ വൈമാനസ്യത്തിനെതിരെയാണ് ബഹോരെയുടെ അമ്മ പൊരുതുന്നത്. 

വൈകല്യം ബാധിച്ച കുട്ടിയുടെ ബുദ്ധിമുട്ടുകളോ, അവളെച്ചൊല്ലിയുള്ള അമ്മയുടെ കണ്ണീരോ സിനിമയുടെ പ്രമേയത്തില്‍ ഒരിടത്തും കടന്നുവരുന്നില്ല. മറ്റാരും തുണയില്ലാതെ ബേക്കറിയിലെ ജോലികൊണ്ട് മകളെ വളര്‍ത്തുന്ന അമ്മ എന്ന നിലയില്‍ കണ്ണീരിനും പരാധീനതകള്‍ക്കുമുള്ള സാധ്യതകള്‍ ഏറെയാണെങ്കിലും കഥ അങ്ങോട്ട് വഴിതെറ്റിപ്പോകുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ വിജയം. ഇഷ്ടമുള്ളിടത്തെല്ലാം അലഞ്ഞുനടക്കുന്ന, സ്‌കൂളില്‍ പോയില്ലെങ്കിലും കൂട്ടുകാരോട് ചോദിച്ച് പഠിച്ച് ഹോം വര്‍ക്ക് ചെയ്യുന്ന മിടുക്കിയാണ് അവള്‍. അമ്മയാകട്ടെ മകള്‍ക്കായി പോരാടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ധീരയുമാണ്. ഇവരുടെ ആത്മവിശ്വാസവും ധൈര്യവും ഒരു വെച്ചുകെട്ടുകളുടെയും ഭാരമില്ലാതെ ലളിതമായാണ് സംവിധായകന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 

അധ്യാപകര്‍ കരുണയും സഹാനുഭൂതിയുമുള്ളവരല്ലെങ്കില്‍ അതുണ്ടാക്കുന്ന ദോഷഫലങ്ങള്‍ സിനിമ ഒട്ടും പ്രകടനപരമല്ലാതെ ആവിഷ്‌കരിക്കുന്നു. ഈ പുഴയില്‍ വെള്ളം ഒഴുകുന്ന കാലത്തേ നിന്റെ മകള്‍ക്ക് ഇവിടെ പഠിക്കാനാവൂ എന്ന് വെല്ലുവിളിക്കുന്ന അധ്യാപിക സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്. താന്‍പോരിമ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത പ്രധാനാധ്യാപികയും, തന്റെ നിരീക്ഷണം തെറ്റില്ലെന്ന് വാശിപിടിക്കുന്ന മനശാസ്ത്രവിദഗ്ദ്ധയുമൊക്കെ നമുക്കിടയില്‍ തന്നെയുള്ള കഥാപാത്രങ്ങളാണ്. 

ആഴമുള്ള ഒരു വിഷയത്തെ ഒട്ടുമേ ചമയങ്ങളില്ലാതെ, നന്മയുടെ പ്രഘോഷണങ്ങളില്ലാതെ അവതരിപ്പിക്കുന്ന വൈറ്റ് ബ്രിഡ്ജ് വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ചിത്രമാണ്.

Content Highlights: IFFK 2017 WhiteBridge Iranian Movie Review