വടക്കുകിഴക്കന്‍ ഇന്ത്യയ്ക്ക് തനതായ സവിശേഷതകളുണ്ട്. ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും വിഭിന്നമായ ജീവിതരീതി പിന്തുടർന്ന് വരുന്ന എട്ടോളം സംസ്ഥാനങ്ങളുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് തിരിച്ചുവച്ച കണ്ണാടിയാണ് സന്‍ജീബ് ദേയുടെ ത്രീ സ്മോക്കിംഗ് ബാരല്‍സ്.
ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ത്രീ സമോക്കിംഗ് ബാരല്‍സ് ദേ അവതരിപ്പിച്ചിരിക്കുന്നത് മൂന്ന് ഭാഗങ്ങളായാണ്. ജനനം, വളര്‍ച്ച, മരണം എന്നിങ്ങനെ ഒരു ജന്മത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വടക്കുകിഴക്കന്‍ ജീവിതവുമായി ബന്ധിപ്പിച്ചു പറയുന്ന ചിത്രം യഥാര്‍ഥ ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാകുന്നു.
ആദ്യ കഥ തീവ്രവാദികളാല്‍ ചെറുപ്രായത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ്. തിരിച്ചറിവ് വന്നു തുടങ്ങുന്ന പ്രായത്തില്‍ തീവ്രവാദ ക്യാമ്പുകളില്‍ ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ പ്രതിനിധിയാകുന്നു ഒരു 14 വയസ്സുകാരി. പേനയക്ക് പകരം തോക്കു പിടിക്കേണ്ടി വന്നതിന്റെ നിസ്സഹായവസ്ഥ അവളുടെ കണ്ണുകളില്‍ സ്ഫുരിക്കുന്നുണ്ട്. തീവ്രവാദികളില്‍ നിന്ന് ഓടിയൊളിക്കാന്‍ വെമ്പുമ്പോഴും മാതാപിതാക്കളുടെ സുരക്ഷയില്‍ ജാഗ്രതയുള്ള ഉള്ളു കൊണ്ട് തീര്‍ത്തും നിഷ്ക്കളങ്കയായ പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥ വരച്ചുകാട്ടുന്നതില്‍ ദേ മനസ്സിനെ പിടിച്ചുലയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളും ഒരു പിടി ചോദ്യങ്ങളും കാണികളുടെ മുന്നിലേക്ക് വയ്ക്കുന്നു.
രണ്ടാം ഭാഗത്തില്‍ മയക്കുമരുന്ന് കച്ചവടത്തിലേയ്ക്ക് തിരിഞ്ഞ് ജീവിതം ഹോമിച്ച യുവാവിന്റെ കഥയാണ്. അവനും അനേകായിരങ്ങളുടെ പ്രതിനിധിയാണ്.
മൂന്നാം ഭാഗത്തില്‍ മദ്യപാനത്തിനടിമയായ് കാട്ടുകള്ളന്മാര്ക്ക് വേണ്ടി ആന വേട്ടയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യന്റെ കഥയാണ് ഇതിവ്യത്തം. ജീവിതാനുഭവങ്ങളാല്‍ തിരിച്ചറിവിന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്ന മനുഷ്യനിലൂടെ സിനിമ അവസാനിക്കുന്നു.
നേര്‍സാക്ഷ്യങ്ങളുടെ ചൂളയില്‍ ചുട്ടെടുത്ത കഥകള്‍ പ്രേക്ഷകന്റെ ഉള്ളു പൊളളിക്കുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. കേരളത്തിലെ ഒരു സിനിമാഹാളിനുള്ളിലെ ഇരുളില്‍ ഒരു ഭുവിഭാഗാത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ മൂന്ന് കഥകള്‍ അനുവാചകരെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂവിഭാഗങ്ങളുടെ മനോഹാരിത ഒപ്പിയെടുക്കുന്നതിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ വിജയിച്ചിരിക്കുന്നു. ഒരു ജനത ഒന്നാകെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ഹൃദയഹാരിയായി അവതരിപ്പിക്കുന്നതില്‍ ദേ അനിതരസാധാരണമായ കൈയ്യൊതുക്കം പ്രകടിപ്പിച്ചിരിക്കുന്നു.
സബ്ടൈറ്റിലുകള്‍ പോലും ചില നേരങ്ങളില്‍ നിരര്‍ത്ഥകമാകുന്നു. അത്രമേല്‍ സംവേദനാത്മകമാകുന്ന ദേ പറയുന്ന കഥകളും ജീവിതമുഹൂര്‍ത്തങ്ങളും.