പിതാവിനെ തൂക്കിലേറ്റിയ ആരാച്ചാര്‍. അതേ ജയില്‍, അതേ തൂക്കുമരം. അവിടെ ജയില്‍ ജീവനക്കാരായി എത്തുന്ന ഐമാന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് അപ്രന്റീസ് എന്ന സിങ്കപ്പൂര്‍ ചിത്രം. സ്ഥലംമാറ്റം വാങ്ങി ജയിലിലെത്തുന്ന ഐമാന്‍ ആരോടും അതേപ്പറ്റി പറയുന്നില്ല. പിതാവ് ചെയ്ത തെറ്റുകളുടെ ഭാരം അയാള്‍ പേറുകയാണ്. നീതി സമാവാക്യങ്ങള്‍ക്ക് മുന്നില്‍ മരണമെത്തുമ്പോള്‍ കൃത്യമായ ഉത്തരം ലഭിക്കാതാകുന്നതിന്റെ സങ്കീര്‍ണതകളാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

കനപ്പെട്ട വൈകാരിക രംഗങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ വെളിച്ചം വരുമ്പോള്‍ എങ്ങോട്ടും ഒഴുകിപ്പോകാനാവാതെ കണ്ണുകളില്‍ ജലസ്തംഭം തീര്‍ക്കുന്നത് കാണാന്‍ കഴിയും. അതിവൈകാരികതകള്‍ മരണത്തില്‍ പോലും മസ്തിഷ്‌കത്തിലൊതുങ്ങുകയാണിവിടെ. മരണത്തിന്റെ മുനമ്പില്‍ നിന്ന് മരണാനന്തര ചിന്തകളിലേയ്ക്കല്ലാതെ മറ്റ് പ്രവേശനങ്ങള്‍ ഇല്ലെന്ന ബോധവും ചിത്രം തരുന്നു. ജയില്‍ ഒരു യാന്ത്രിക ലോകമാണ്. യാന്ത്രികമായ ചിന്തയും. ഭൂതകാലത്തിലേയ്ക്ക് അത് നയിക്കുന്നതും യാന്ത്രികമായി തന്നെ. യാന്ത്രികമായ ചിന്തയ്ക്ക് യാന്ത്രിക ഭൂതകാലത്തിലേയ്ക്ക് നയിക്കാന്‍ പ്രകടിത ഭാവങ്ങളുടെ അകമ്പടി വേണ്ട എന്നതിനാലാകാം സംവിധായകന്‍ അതിനെ സാധാരണമായി അവതരിപ്പിച്ചിരിക്കുന്നത്. 

ജയിലിലെ പുതിയ ജോലിയിലേക്ക് എത്തുന്ന ഐമാന്‍ സ്വന്തം പിതാവിനെ തൂക്കിലേറ്റിയ റഹീമിനെ പരിചയപ്പെടുകയാണ്. അയാളുടെ സഹായിയായി തീരുമ്പോള്‍ തന്റെ പിതാവിന്റേതടക്കമുള്ള എല്ലാ തൂക്കിക്കൊലകളുടെയും തുടര്‍ച്ചയില്‍ അയാളും പരോക്ഷമായി കണ്ണിചേര്‍ക്കപ്പെടുന്നു. ഐമാന്റെ സഹോദരിക്ക് അത് ആഘാതം തീര്‍ക്കുന്നു. അവര്‍ മറ്റൊരു ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ ഐമാന്‍ ഒറ്റപ്പെടുന്നു. പക്ഷേ അയാള്‍ പിന്മാറുന്നില്ല. തൂക്കുകയറൊരുക്കാന്‍ മാനസികമായി അയാള്‍ തയ്യാറാവുകയാണ്. ഭാരത്തിനനുസരിച്ച് നീളം കൂട്ടിയും കുറച്ചും കഴുത്തില്‍ കുടുക്കിടുന്ന വിദ്യ. സുഷുമ്‌ന തകര്‍ന്ന് ക്രക്ക് എന്ന ശബ്ദത്തോടെ വേദനയില്ലാത്ത അതിവേഗ മരണം. ഐമാന് ആരാച്ചാരുടെ ജോലി പഠിപ്പിച്ചു കൊടുക്കുന്ന റഹീം ചിത്രത്തിലൂടെ ആരാച്ചാരുടെ സംഘര്‍ഷവും ജീവിത ദുഃഖവും അവതരിപ്പിക്കുന്നു. 

ചിത്രം ഒരിടത്തും തൂക്കിക്കൊല വേണോ വേണ്ടയോ എന്ന തുറന്ന ചര്‍ച്ച നടത്തുന്നില്ല. എന്നാല്‍ കാണുന്ന ഓരോരുത്തരിലും ആ ചോദ്യത്തിനുള്ള തീ കൊളുത്തുന്നുണ്ട്. എവിടെയെങ്കിലും ജീവിച്ചിരിക്കുന്ന എന്ന ബോധത്തിന്റെ നേര്‍ത്ത ആശ്വാസത്തില്‍ ജീവിക്കുന്ന കുറ്റവാളിയുടെ കുടുംബത്തിന് മരണത്തിന്റെ പരിസമാപതിയോടെ തുടങ്ങുന്ന നിത്യ ദുഃഖം ചിത്രം വ്യക്തമാക്കുന്നു. റഹീം ഐമാന്‍ ആരാണെന്ന് അറിയുന്ന ദിവസം അറിഞ്ഞുകൊണ്ട് അപകടത്തിലേയ്ക്ക് കാറോടിക്കുകയാണ്. തുടര്‍ന്ന് പിതാവിന്റെ അതേ കുറ്റം ചെയ്തയാളുടെ വധശിക്ഷ നടപ്പാക്കാനുള്ള ജോലി ഏറ്റെടുക്കുന്നു. അന്ത്യം ഒരു ലിവര്‍ വലിക്കുന്ന സമയത്തിലേക്കോ എന്ന് നോക്കി ചിത്രം അവസാനിക്കുമ്പോള്‍. മരണവും ജീവിതവും പോലെ പൂര്‍ണവും അപൂര്‍ണവുമായ ഒരു കയര്‍ ദൂരത്തില്‍ സ്തംഭിച്ച് നില്‍ക്കുന്നു.

ജയിലും ഐമാന്റെ വീടുമാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍. ഛായാഗ്രഹണത്തില്‍ മികവ് പുലര്‍ത്തിയിരിക്കുതിനാല്‍ കാഴ്ചക്കാരന് ഓരോ രംഗവും കൂടുതല്‍ അനുഭവവേദ്യമാകും. തൂക്കുമരത്തിലേയ്ക്കുള്ള ഒരോ കുറ്റവാളിയുടെയും യാത്ര, അവസാന, കാല്‍വയ്പ്പ്, നിസംഗമായ മരണം എല്ലാം പച്ചയായി അനുഭവപ്പെടുത്തുന്നുണ്ട് ചിത്രം. ഒരുപക്ഷേ ഭീകരമായി തന്നെ. ജന്‍ ഫെങ് സംവിധാനം ചെയ്ത ചിത്രം ഏഷ്യന്‍ ചലച്ചിത്ര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫിര്‍ദൗസ് റഹ്മാന്‍, വാന്‍ ഹനാഫി സു എന്നിവരാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.