രു പുരുഷന് മറ്റൊരു പുരുഷനോട് ലൈംഗികത കലരാത്ത ആത്മാര്‍ഥ പ്രണയം തോന്നിയാല്‍ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരമാണ് ലൂക്കാ ഗ്വാഡാഗ്‌നിനോ സംവിധാനം ചെയ്ത കോള്‍ മി ബൈ യുവര്‍ നെയിം എന്ന ചിത്രം. ആന്ദ്രേ അസിമാന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

എലിയോ എന്ന 17കാരന് ഗവേഷകനായ തന്റെ പിതാവിന്റെ ജൂനിയറായി വരുന്ന ഒലിവറിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുറമേക്കൂടി നോക്കിയാല്‍ സ്വവര്‍ഗരതിയാണെന്ന് തോന്നുമെങ്കിലും ആദ്യാനുരാഗത്തിന്റെ ആത്മാര്‍ഥത തന്നെയാണ് സംവിധായകന്‍ ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. നേരിട്ട് കഥയിലേക്ക് കടക്കുന്നതിനാല്‍ പ്രമേയത്തേക്കുറിച്ച് കാഴ്ചക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാവുന്നില്ല എന്നത് ആശ്വാസമാണ്. മന്ദഗതിയിലാണ് ചിത്രം നീങ്ങുന്നതെങ്കിലും അവതരണ മികവുകൊണ്ട് ആ പോരായ്മയെ സംവിധായകന്‍ മറികടക്കുന്നുണ്ട്.

എലിയോക്ക് ഒലിവറിനോടുള്ള സൗഹൃദം പ്രണയമാക്കുന്നതും ഒലിവര്‍ അത് തിരിച്ചറിയുന്നതുമായ രംഗങ്ങള്‍ അതി മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടയ്ക്ക് ഒലിവര്‍ മാറി നടക്കുന്നുണ്ടെങ്കിലും അത് എലിയോക്കുള്ള സ്‌നേഹം അളക്കാനാവാം എന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ആദ്യ പ്രണയം ആരും ഒരിക്കലും മറക്കില്ല എന്ന് മൗനമായി പറഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.