ടോണി ഗാറ്റിലിഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ ഡിജാം. മ്യൂസിക്കല്‍ റോഡ് മൂവി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഡിജാം. സന്തോഷവതിയാണ് ഡിജാം, ആ സന്തോഷം തന്റെ ചുറ്റുമുള്ളവരിലേക്ക് മാത്രമല്ല സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേക്കും ഡിജാം പകര്‍ന്നു നല്‍കുന്നു. 

തന്റെ പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും സംഗീതത്തിലൂടെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് ഡിജാം. അതില്‍ അവള്‍ വിജയിക്കുന്നു എന്നു തന്നെ പറയാം. ഡിജാം എന്ന കഥാപാത്രത്തെ മാരിയന്‍ കെയോണ്‍ അത്രത്തോളം ജീവസുറ്റതാക്കുന്നു. രണ്ടാനച്ഛന്‍ ഏല്‍പിക്കുന്ന ഒരു ദൗത്യം പൂര്‍ത്തിയാക്കാനായി യാത്ര തിരിക്കുന്ന ഡിജാം ആ യാത്രയില്‍ പരിചയപ്പെടുന്ന വ്യക്തികളിലൂടെയും നേരിടുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. 

ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ആദ്യന്ത്യം പ്രേക്ഷകനെ രസിപ്പിക്കാന്‍ ഡിജാമിന് കഴിയുന്നുണ്ട്. വളരെ വേദനാജനകമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഡിജാം ആ വിഷയങ്ങളെ വളരെ സരസമായി അതിജീവിക്കുന്നിടത്താണ് ചിത്രം പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്നത്.