'എല്ലാവര്‍ക്കും നാല് ഋതുക്കളുള്ളപ്പോള്‍ നിനക്ക് മാത്രമെങ്ങനെ രണ്ടെണ്ണമായി. എന്നാല്‍ അതേതൊക്കെയെന്ന് പറയൂ.'
'വേനല്‍ക്കാലവും മഞ്ഞുകാലവും.'
'അപ്പോള്‍ മഴക്കാലമോ.'
'ഞങ്ങളുടെ ഗ്രാമത്തില്‍ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ മഴ പെയ്യാറുള്ളൂ. അത് വേനല്‍ക്കാലത്തോ മഞ്ഞുകാലത്തോ ആവാം.'

കട്വി ഹവാ (കറുത്ത കാറ്റ്) എന്ന ചിത്രത്തിലെ അധ്യാപകനും വിദ്യര്‍ത്ഥിയും തമ്മില്‍ ക്ലാസില്‍ വെച്ചുനടക്കുന്ന ഈ സംഭാഷണത്തില്‍ നിന്നുതന്നെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം അതിന്റെ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും അത് സാധാരണക്കാരില്‍ ഉണ്ടാക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങളും ഉജ്ജ്വലമായി അവതരിപ്പിച്ചിരിക്കുകയാണ് പത്മശ്രീ ജേതാവു കൂടിയായ സംവിധായകന്‍ നിള മാധബ് പാണ്ഡ ചിത്രത്തില്‍.

Directors Special

pandaനിള മാധവ് പാണ്ഡ

കാലാവസ്ഥാ വ്യതിയാനം മൂലം 2030ഓടെ 10 കോടി ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നു. എന്റെ നാടായ ഒഡിഷയില്‍ ഒരുഭാഗത്ത് കടുത്ത വരള്‍ച്ചയും മറുഭാഗത്ത് ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ്. നമ്മളുണ്ടാക്കുന്ന മലിനീകരണം മൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത് വൈദ്യുതിയോ വാഹനമോ ഇല്ലാത്ത മലിനീകരണത്തിന് യാതൊരു സംഭാവനയും നല്‍കാത്ത ഗ്രാമീണരും കര്‍ഷകരുമാണ്. അതുകൊണ്ടുതന്നെയാണ് അവരിലൂടെ തന്നെ ഈ വിഷയം അവതരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ കാരണവും.

 

ഒരു കാലത്ത് സമൃദ്ധമായി മഴപെയ്തിരുന്ന രാജസ്ഥാനിലെ മഹുവ എന്ന ഗ്രാമം ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്. ബാങ്കിലെ കടം തിരിച്ചടക്കാനാവാതെ ഇവിടത്തെ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. ബാങ്കില്‍ നിന്ന് കടമെടുത്ത തന്റെ മകന്‍ ആത്മഹത്യ ചെയ്യുമോ എന്ന ഭയത്തിലാണ് അന്ധനായ ഹേതു എന്ന വൃദ്ധന്‍. ഈ സമയത്താണ് മഹുവയിലേക്ക് കിട്ടാക്കടം പിരിക്കാനായി ബാങ്ക് ഏജന്റായ ഗുനുബാബ (രണ്‍വീര്‍ ഷൂരി) എത്തുന്നു. ഗ്രാമവാസികള്‍ യമദൂതനെന്ന് വിളിക്കുന്ന ഗുനുബാബ ചെന്നിട്ടുള്ള ഗ്രാമങ്ങളിലെല്ലാം കടമെടുത്ത ഏതാനും പേര്‍ ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഗുനു എത്തുന്നതോടെ ഹേതുവിന്റെ ഭയമിരട്ടിക്കുന്നു. തന്റെ മകനെ രക്ഷിക്കാനായി ഗുനുവിനെ സഹായിക്കാന്‍ തയാറാവുകയാണ് ഹേതു. എന്നാല്‍, തന്റെ കുടുംബത്തെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഗുനുവുമെന്ന് അധികം വൈകാതെ ഹേതുവിന് മനസിലാകുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ എത്രമേലെന്ന് കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തിലൂടെ പശ്ചാത്തലത്തില്‍ പറയാന്‍ സംവിധായകന്‍ ശ്രമിക്കുമ്പോള്‍ അത് സമകാലിക ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാകുന്നുണ്ട്. അത്രയേറെ മികവോടെയും തികവോടെയുമാണ് കട്വി ഹവാ കഥപറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങളിലൂടെയും ടെലിവിഷന്‍ വാര്‍ത്തയിലൂടെയുമെല്ലാം ലളിതമായി പറഞ്ഞുപോകുന്ന കാര്യങ്ങളിലൂടെ പോലും പ്രമേയവുമായി എത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് അദ്ഭുതാവഹമാണ്.

ഹേതുവെന്ന അന്ധവൃദ്ധനായി സഞ്ജയ് മിശ്ര അദ്ഭുതപ്പെടുത്തുന്ന ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. മഹുവ എന്ന ഗ്രാമവുമായി അത്രമേല്‍ ഇഴുകിച്ചേരിക്കുന്നു ഹേതുവെന്ന കഥാപാത്രം. ഇരുപ്പിലും നടപ്പിലും എടുപ്പിലുമെല്ലാം ഒരു സമ്പൂര്‍ണ ഗ്രാമീണനായി മാറി സഞ്ജയ് മിശ്ര. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ഹേതു. ഗുനുബാബയെ അവതരിപ്പിച്ച രണ്‍വീര്‍ ഷൂരിയും ഒട്ടും മോശമായില്ല. സഞ്ജയ് മിശ്രയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. കുഹു എന്ന കുട്ടി മുതല്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മുതല്‍ക്കൂട്ടാകുന്ന പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്.

ഒരു രംഗം പോലും ഒഴിവാക്കാനാകാത്ത വണ്ണം ശക്തമായ സുഘടിതമായ തിരക്കഥതും അവതരണവമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചയിതാവായ നിതിന്‍ ദീക്ഷിതും സംവിധായകന്‍ നിള മാധബ് പാണ്ഡയും ഒരുപോലെ അഭിനന്ദനമര്‍ഹിക്കുന്നു. രാമാനുജ് ദത്തയുടെ ക്യാമറ നിള മനസ്സില്‍ കണ്ടതിനെ അതിലും മിഴിവോടെ ഫ്രെയിമിലാക്കി. ഔട്ട്‌ഡോറിലും ഇന്‍ഡോറിലും തിരക്കിലും ഏകാന്തതയിലുമെല്ലാം ദത്തയുടെ ക്യാമറ സ്വാഭാവിക നിലനിര്‍ത്തി. വരണ്ടുണങ്ങിയ രാജസ്ഥാന്‍ ഗ്രാമത്തിലെ ദൃശ്യങ്ങള്‍ തിയേറ്ററിലെ തണുപ്പിയലിരിക്കുന്ന പ്രേക്ഷകനെയും പൊള്ളിക്കും. 

ക്ലോസപ്പ് ദൃശ്യങ്ങളുടെ തുടര്‍ച്ചയില്‍ നിന്നാരംഭിക്കുന്ന ചിത്രം പക്ഷേ പിന്നീട് പ്രേക്ഷകനോട് സംവദിക്കുന്നതിന് ലോങ് ഷോട്ടുകളും മിഡ് ലോങ് ഷോട്ടുകളും സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. തുറസ്സായ പ്രദേശത്ത് നിരവധി രംഗങ്ങളുള്ള സിനിമ, വലിയ പ്രകൃതിയിലെ ചെറിയ മനുഷ്യനെ വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്നു. വരണ്ടുണങ്ങിയ ഗ്രാമത്തിന്റെയും മനുഷ്യരുടെയും അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ലോങ് ഷോട്ടുകള്‍ സിനിമയെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഹേതുവിന്റെ വീട്ടില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങളെ നിഴലും വെളിച്ചവും ചേര്‍ന്ന് ഒരു പെയിന്റിങ് പോലെ മനോഹരമാക്കി. ഗ്രാമീണ ജീവിതമൊരുക്കുന്നതിലെ സൂക്ഷ്മതയില്‍ കലാ സംവിധായകനും കാര്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനമെന്നത് പുസ്തകങ്ങളിലും പത്രത്താളുകളിലും കാണുന്ന ഒരു വാക്ക് മാത്രമല്ലെന്നും അത് നമ്മുടെയൊക്കെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്നെന്നുമുള്ള തിരിച്ചറിവാണ് കട്വി ഹവാ നല്‍കുന്നത്. കേരളത്തില്‍ അടുത്തിടെ ഉണ്ടായ ഓഖി മുതല്‍ ഡല്‍ഹിയിലെ പുകമഞ്ഞ് വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണെന്ന് സംവിധായകന്‍ പറയുമ്പോള്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയെ കുറിച്ച് തര്‍ക്കങ്ങള്‍ക്ക് വകയില്ല.