തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ ഹാളില്‍ അരങ്ങേറിയ വിര്‍ച്വല്‍ സദാചാര പോലീസിങ്ങില്‍ അമ്പരന്ന് കാണികളും പോലീസും. ഷോട്ട് ഫിലിം നിര്‍മാണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച വൈകിട്ട് ഒരു സംഘം യുവാക്കള്‍ മേളയുടെ വേദിയില്‍ സദാചാര പോലീസിങ് ചിത്രീകരിച്ചത്.

ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിന് സമീപം നാലരയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രണ്ട് പെണ്‍കുട്ടികളും ഒരു യുവാവും സംസാരിച്ചു നില്‍ക്കുമ്പോള്‍ ഒരു സംഘമാളുകള്‍ ഇടപെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന ഒറിജിനാലിറ്റിയോടെ ചിത്രീകരണം അരങ്ങേറിയതോടെ വന്‍ജനക്കൂട്ടമായി. പോലീസ് സംഘവും പാഞ്ഞെത്തി. എന്നാല്‍, പിന്നീടാണ് സംഭവം വിര്‍ച്വലായിരുന്നെന്ന് മനസിലായത്. ഇതോടെ പോലീസ് ഇവരെ താക്കീതു ചെയ്ത് പിന്‍വാങ്ങി.

പത്തനംതിട്ട സ്വദേശിയായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്. തങ്ങള്‍ക്ക് തിരുവനന്തപുരത്ത് വെച്ച് പോലീസിന്റെ സദാചാര പോലീസിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇതേ തീമില്‍ ഷോട്ട് ഫിലിം എടുക്കാന്‍ തീരുമാനിച്ചതെന്നും ജിഷ്ണു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

iffk

മൊബൈല്‍ ഫോണില്‍ ഒരു ലൈവ് പോലെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ ആക്രമിക്കുന്നത് കണ്ടിട്ടും, ചിത്രീകരണമാണെന്നറിയാതെ അവിടെ കൂടിയ ജനക്കൂട്ടം അതിനെതിരെ ഒരു വാക്കുപോലും പറയാതെ കണ്ടുനില്‍ക്കുകയായിരുന്നു. അതുതന്നെയാണ് എപ്പോഴും സംഭവിക്കുന്നത്. അത് യഥാര്‍ത്ഥമായിത്തന്നെ ചിത്രീകരിക്കാന്‍ സാധിച്ചെന്നും ജിഷ്ണു പറഞ്ഞു.

വാട്സ്ആപ്പ് വഴി പരിചയപ്പെട്ടവരുടെ കൂട്ടായ്മയാണ് ഷോട്ട്ഫിലിം ചിത്രീകരിച്ചത്. തൃശൂര്‍ കേന്ദ്രമാക്കി തെരുവുനാടകവും ഇവര്‍ ചെയ്യുന്നുണ്ട്.