തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ്. തങ്ങളുടെ സിനിമയില്‍ അവരെ അഭിനയിപ്പിക്കാന്‍ പല നിര്‍മാതാക്കള്‍ക്കും ഭയമാണെന്ന് വിധു പറഞ്ഞു. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സിനിമയിലെ സ്ത്രീ സാന്നിധ്യം' എന്നതായിരുന്നു ഓപ്പണ്‍ ഫോറത്തിന്റെ വിഷയം.

പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സംഭവം അതാണെന്നും അവര്‍ പറഞ്ഞു. കൈയടികളോടെയാണ് സദസ് വിധുവിന്റെ പരാമര്‍ശത്തെ സ്വീകരിച്ചത്. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു.

അടുത്ത കാലത്ത് ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം.

vidhu vincent
ഫോട്ടോ: കെ.എസ്. കൃഷ്ണരാജ്

അതെന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കണം. സിനിമ കാണാന്‍ തിയ്യേറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാവും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അത് പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കുമ്പോള്‍ പോലും അതില്‍ ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മാതാക്കള്‍ ശഠിക്കുന്നതിനും കാരണമിതാണ്. സംവിധായകരും നിര്‍മാതാക്കളുമായ സ്ത്രീകള്‍ പോലും ഇതംഗീകരിക്കേണ്ടി വരികയാണെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

Content Highlights: Vidhu Vincent Actress Attacked IFFK2017 Actress Molestation Malayalam Movie