തിരുവനന്തപുരം: എസ് ദുര്‍ഗ എന്ന സിനിമയുടെ പേരില്‍ കോലാഹലമുയര്‍ത്തുന്നവര്‍ ദുര്‍ഗ ബാര്‍ കാണുന്നില്ലെന്ന് നടന്‍ പ്രകാശ് രാജ്. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുവരും. ഒരു കലാകാരന്‍ എന്ന നിലയിലാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. അത് എന്റെ കടമായാണെന്നും പ്രകാശ് രാജ് പറഞ്ഞു. അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌ക്രിപ്റ്റ് ഇല്ലാതെ ഞാന്‍ സംസാരിക്കാന്‍ വരുന്ന സംസ്ഥാനമാണ് കേരളം. കാരണം ഇവിടെ സെന്‍സറിങ് ഇല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ഹിന്ദുത്വവും ദേശീയതയും ഒന്നാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുകയാണ്. ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. രാജസ്ഥാനിലും മറ്റും ചില സംഭവങ്ങളുണ്ടാകുമ്പോള്‍ വന്‍ ജനപിന്തുണയോടെ അധികാരത്തിലേറിയ മുഖ്യമന്ത്രിമാര്‍ പറയുന്നത് തങ്ങള്‍ നിസ്സഹായരാണെന്നാണ്. അങ്ങനെയുള്ളവര്‍ രാജിവയ്ക്കുകയാണ് വേണ്ടത്.

ഓരോ കലാകാരനും തന്റെ പേരിനും പെരുമയ്ക്കും സ്ഥാനത്തിനും ജീവിതത്തിനുമൊക്കെ സമൂഹവുമായി കടപ്പെട്ടിരിക്കുന്നു. ശബ്ദമുയര്‍ത്താനാവാത്തവര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഞാന്‍ ജനങ്ങള്‍ക്കിടയിലാണുള്ളത്. അതിനാല്‍ എനിക്ക് ഒരു പാര്‍ട്ടിയുടെയും പിന്തുണയുടെ ആവശ്യമില്ല -നിറഞ്ഞ കൈയടികള്‍ക്കിടെ പ്രകാശ് രാജ് പറഞ്ഞു.