eadenതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനം മലയാളത്തിന്റേതായിരുന്നു. സഞ്ജു സുരേന്ദ്രന്റെ ചിത്രം 'ഏദന്റെ' ലോകത്തിലെ ആദ്യ പ്രദര്‍ശനം കാണാന്‍ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. മത്സരവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍കൂട്ടി സീറ്റ് ബുക്കുചെയ്തവര്‍ക്കുപോലും തിയേറ്ററില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ പ്രതിഷേധങ്ങളും ഉയര്‍ന്നു. വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗത്തിനും സിനിമാപ്രേമികളുടെ കൈയടി നേടാനായി. മലയാളത്തിലെ 'ടേക്ക് ഓഫ്' ഉള്‍െപ്പടെയുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

വിവിധ വിഭാഗങ്ങളിലായി 67 ചിത്രങ്ങളാണ് ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ എട്ടുചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാമത്തെ പ്രദര്‍ശനത്തിനെത്തിയ സെമിഹ് കല്‍പനോഗ്ലു ചിത്രം 'ദ ഗ്രെയിന്‍' കാണാനും കഴിഞ്ഞ ദിവസത്തെപ്പോലെ തിരക്കനുഭവപ്പെട്ടു. മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ചിത്രം 'ന്യൂട്ടണ്‍', 'കാന്‍ഡലേറിയ', 'പോമഗ്രാനേറ്റ് ഓര്‍ച്ചാഡ്', 'വജീബ്', 'ഡാര്‍ക്ക് വിന്‍ഡ്' എന്നീ ചിത്രങ്ങള്‍ പ്രേക്ഷകമനസ്സുകളെ കീഴടക്കി. തികച്ചും ഗ്രാമീണമായൊരു അന്തരീക്ഷത്തില്‍ വര്‍ത്തമാനകാലത്തിന്റെ കള്ളത്തരവും കൊള്ളരുതായ്മയും കുടുംബാംഗത്തിന്റെ രൂപത്തില്‍ കടന്നുകയറുന്നത് വിഷയമാക്കിയ 'പോമഗ്രാനേറ്റ് ഓര്‍ച്ചാഡിന്' വലിയ കൈയടി കിട്ടി.

ലോകസിനിമാ വിഭാഗത്തിലും മികച്ച ചിത്രങ്ങളാണ് ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയില്‍നിന്ന് 22 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇതില്‍ ഇറാനിയന്‍ ചിത്രങ്ങളായ 'വില്ല ഡ്വല്ലേഴ്‌സ്', 'ഡോഗ്‌സ് ആന്‍ഡ് ഫൂള്‍സ്', ഫ്രഞ്ച് ചിത്രം '120 ബി.പി.എം', 'ആഫ്റ്റര്‍ ദി വാര്‍', 'ഫ്രീഡം', 'അന മൊന്‍ അമോര്‍' എന്നീ ചിത്രങ്ങള്‍ മികച്ചതായി. വിരസമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍നിന്നു കാഴ്ചക്കാര്‍ ഇടയ്ക്ക് ഇറങ്ങിപ്പോകുന്നുമുണ്ടായിരുന്നു.