തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ കലയ്ക്ക് കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും വിമുക്തമാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ സിനിമ-നാടകപ്രവര്‍ത്തകനായ ട്രെവര്‍ ജമീസണ്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനിവത്കരിച്ചവര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇന്നും രാജ്യത്ത് പരമ്പരാഗത കലാരൂപങ്ങളെ മുഖ്യധാരാമാധ്യമങ്ങള്‍ ശ്രദ്ധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യകള്‍ പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുവാനും പുതുതലമുറകളിലേക്ക് കൈമാറാനും ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

അധികം ശ്രദ്ധിക്കപ്പെടാത്ത രാഷ്ട്രീയ-സാമൂഹികപ്രധാന്യമുള്ള വിഷയങ്ങളാണ് താന്‍ സിനിമയിലും നാടകത്തിലും കൈകാര്യംചെയ്തത്. നാടകവേദികള്‍ സുപരിചിതരല്ലാത്ത ദക്ഷിണ ഓസ്‌ട്രേലിയന്‍ ഗോത്രവര്‍ഗത്തിന്റെ കഥപറയാന്‍ അവരെത്തന്നെ അഭിനേതാക്കളാക്കിയത് വിഷയത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോളും പങ്കെടുത്തു.