തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സിനിമയുടെയും സംവിധായകരുടേയും മേളയാണെന്നും മറ്റ് വിഭാഗത്തിലുള്ളവരെ ആദരിക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മേളയില്‍ സുരഭിക്ക് പാസ് ലഭിച്ചില്ലെന്നും അവരെ ആദരിച്ചില്ലെന്നുമുള്ള വിവാദത്തെ തുടര്‍ന്ന് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐ. എഫ്.എഫ്.കെ എന്നത് സംവിധായകനും സിനിമയ്ക്കും വേണ്ടി മാത്രമുള്ള മേളയാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ അവാര്‍ഡുകള്‍ പോലും കൊടുക്കുന്നത്. അത്തരത്തിലുള്ള മേളയില്‍ നടനെയോ നടിയെയോ ടെക്‌നീഷ്യനെയോ ആദരിക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ സുരഭിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നെങ്കില്‍ ആ വേദിയില്‍ അവരെ ആദരിക്കുമായിരുന്നു. അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച പാര്‍വതിയെ അവരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ആദരിക്കുന്നുണ്ട്. അല്ലാതെ ഉദ്ഘാടനത്തിന്റെയോ സമാപനത്തിന്റെയോ വേദിയിലല്ല ആദരിക്കുന്നത്.

സിനിമ തിരഞ്ഞെടുക്കുന്നത് അക്കാദമിയല്ല, ജൂറിയാണ്. സിനിമയുടെ മൊത്തത്തിലുള്ള മികവ് നോക്കിയാണ് മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ച സിനിമ സെലക്ട് ചെയ്യണം എന്ന പിടിവാശി ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഒരു സിനിമയ്ക്കാണ് സെലക്ഷന്‍ കൊടുക്കുന്നത്. അല്ലാതെ വ്യക്തിഗത പ്രകടനത്തിന്റെ പേരില്‍ ഒരു ചിത്രം സെലക്ട് ചെയ്യപ്പെടില്ല.

ഉദ്ഘാടനം തന്നെ സര്‍ക്കാര്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ ഒരു വ്യക്തിയെ ആദരിക്കാന്‍ എങ്ങനെ സാധിക്കും. ആരെ ആദരിക്കണം എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അല്ലാതെ ചലച്ചിത്ര അക്കാദമിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു ആഘോഷപരിപാടി നടത്തി എന്ന് ചോദിച്ചാല്‍ അക്കാദമി ഉത്തരം പറയേണ്ടിവരും. 

ദേശീയ അവാര്‍ഡ് ലഭിച്ചവരെ അക്കാദമി എല്ലാവര്‍ഷവും ആദരിക്കാറുണ്ട്. ആത് ഈ വേദിയില്‍ വെച്ചല്ല. എന്‍.എഫ്.എഫ്.കെ. വേദിയിലാണ് ആദരിക്കുന്നത്. മുന്‍കാലങ്ങളില്‍ ദേശീയ അവാര്‍ഡ് ലഭിച്ച എല്ലാവരേയും ആദരിച്ചിട്ടുണ്ട്. സുരഭിയെയും ആദരിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

സുരഭിക്ക് പാസ് ഇഷ്യൂ ചെയ്തില്ല എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. സുരഭിക്ക് ഗസ്റ്റ് പാസ് അടിച്ചുവെച്ചിട്ടുണ്ട്. മേളയ്ക്ക് വരുന്ന വിവരം സുരഭി അറിയിച്ചിരുന്നില്ല എന്നതാണ് സത്യം-കമൽ പറഞ്ഞു.

Content Highlights: surabhi lakshmi Kamal IFFK2017 Malayalam Movie Actress