ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണു നാഥ്. സംഘടന രൂപവത്കരിക്കപ്പെട്ടപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണെന്നും വിഷ്ണു നാഥ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

വിഷ്ണുനാഥിന്റെ അഭിമുഖത്തിൽ നിന്ന്:

'കേരളത്തിന്റെ അഭിമാനമാണ് ഐ.എഫ്.എഫ്.കെ. ഇത്തവണ അതിന്റെ ശോഭ കെടുത്തിയത് സുരഭിയുമായും മിന്നാമിനുങ്ങുമായും ബന്ധപ്പെട്ട വിവാദമാണ്‌. വിവാദത്തെ സംബന്ധിച്ച് ഉത്തരവാദത്തപ്പെട്ട ചിലരുടെ പ്രതികരണവും മറ്റു ചിലരുടെ പ്രതികരണമില്ലായ്മയുമാണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. അക്കാദമി ചെയര്‍മാന്‍ പറഞ്ഞത് ദേശീയ അവാര്‍ഡ് കിട്ടിയ നടിയെ വീട്ടില്‍ പോയി ക്ഷണിക്കാന്‍ കഴിയില്ലെന്നാണ്. അവരുടെ പാസ് അടിച്ചു വച്ചിരിക്കുകയായിരുന്നു. വന്നു വാങ്ങിയില്ല എന്നൊക്കെയായിരുന്നു. എന്റെ അഭിപ്രായത്തില്‍ സുരഭിയെ ക്ഷണിക്കണമായിരുന്നു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടനവേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നു.

കഴിഞ്ഞ തവണ കമല്‍ ദേശിയഗാന വിവാദത്തില്‍ പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചവരാണ് ഞങ്ങള്‍. ഇന്റര്‍നാഷ്ണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍പ്പെട്ട മറ്റൊരു ചിത്രം ഞാന്‍ കണ്ടിരുന്നു. മിന്നാമിനുങ്ങിന്റെ ഏഴയലത്ത് വരില്ല ആ ചിത്രം. ഇതിന് പുറമെ ഗീതു മോഹന്‍ദാസിന്റെ മൂന്ന് വര്‍ഷം മുന്‍പത്തെ ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നു. 

വിമന്‍ കളക്ടീവ് ഇന്‍ സിനിമ ഇതിനെതിരെ പ്രതികരിച്ചില്ല. നടിമാര്‍ക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയര്‍ന്നുവന്ന കൂട്ടായ്മയാണിത്. അവര്‍ ഇതിനെതിരെ ഓരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഞാന്‍ പറഞ്ഞത് ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ് എന്ന്. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതി. 

ഓപ്പണ്‍ ഫോറത്തില്‍ ഇത്രമാത്രം വനിതാ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നല്ലോ. ഒരു കസേര ദേശീയ പുരസ്‌കാര ജേത്രിയായ ആ നടിക്ക് കൂടി നല്‍കിയിരുന്നെങ്കിലും അവരെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം. ഓപ്പണ്‍ ഫോറത്തില്‍ സുരഭിയുടെ കാര്യം ഈ നടിമാര്‍ ആരും മിണ്ടിയില്ലല്ലോ. അവള്‍ക്കൊപ്പം എന്ന് ആശയം ഉയര്‍ത്തിപ്പിടിച്ച മേളയായിരുന്നു. എന്നിട്ട് അവള്‍ക്കൊപ്പം ആരുമില്ല. ഡബ്ല്യു.സി.സിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഈ സംഭവം എന്നെ വല്ലാതെ നിരാശപ്പെടുത്തി. 

സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, സുരഭി എന്നിവര്‍ക്കൊക്കെ ദേശീയ പുരസ്‌കാരം കിട്ടിയത് ഇവിടെ മറ്റു ചിലര്‍ക്ക് പിടിച്ചിട്ടില്ല. മറ്റു വലിയ താരങ്ങളാണങ്കില്‍ ആനയും അംബാരിയും കൊണ്ടു വന്നേനെ. ദേശീയ അവാര്‍ഡ് ജേതാവിനെ ക്ഷണിച്ചില്ല. എന്നാല്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രജിഷയും മലയാളത്തിന്റെ അഭിമാനമായ ഷീലയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയര്‍മാന്‍ പറഞ്ഞത് അവരെയാരെയും ക്ഷണിച്ചിരുന്നില്ല എന്ന്. ക്ഷണിക്കാതെ അവരാരും ആ ചടങ്ങിനെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. 

മറ്റു ഫെസ്റ്റിവലുകളില്‍ പുരസ്‌കാരം കിട്ടുന്നവരെ ഇവിടെ ആദരിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നിട്ട് ഐ.എഫ്.എഫ്.ഐയില്‍ മികച്ച നടിയായ പാര്‍വതിയെ ആദരിച്ചല്ലോ? അപ്പോള്‍ സുരഭിയെ ആദരിക്കാതിരുന്നത് എന്തുകൊണ്ട്? പാര്‍വതിയോടുള്ള വിരോധം കൊണ്ടല്ല ഞാന്‍ പറയുന്നത്.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ ഡെലിഗേറ്റ്‌സിന് മേല്‍ അവര്‍ ആവശ്യമില്ലാത്ത അച്ചടക്കം അടിച്ചേല്‍പിക്കുകയാണ്. പ്രതികരിച്ചാല്‍ മദ്യപാനിയെന്ന് പറഞ്ഞ് പോലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്യും. എന്നിട്ട് ഗോവയിലെ ഫിലിം ഫെസ്റ്റിവലിനെ ഇവിടുത്തെ ബുദ്ധിജീവികള്‍ വിമര്‍ശിക്കുന്നത് കാണാം.'