തിരുവനന്തപുരം: ഇന്ത്യയില്‍ ഇന്ന് പരമമായ ആവിഷ്‌കാരസ്വാതന്ത്ര്യം നിലനില്‍ക്കുന്നുില്ലെന്ന്‌ എം.പി. ശശി തരൂര്‍. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ശനിയാഴ്ച്ച വൈകുന്നേരം നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഒരു പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍.

'ഒരു പുസ്തകമോ സിനിമയോ ലേഖനമോ എന്തിന് ഒരു തലക്കെട്ട് പോലും അത് മതപരമായ വ്രണപ്പെടുത്തലുകള്‍ ഉണ്ടാക്കുന്നെന്ന ഒരു  പ്രചരണത്തിന്റെ പേരില്‍ മാത്രം എതിര്‍ക്കപ്പെടുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ 20 കളില്‍ നിര്‍മ്മിച്ച നിയമവും അത്തരം വ്യക്തികള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഒരു പുസ്തകത്തിലോ സിനിമയിലോ പുറത്തു നിന്നൊരാള്‍ ഇടപെടുന്നതിന് ഞാന്‍ എതിരാണ്.' തരൂര്‍ പറഞ്ഞു.

'പത്മാവതിയെ സംബന്ധിച്ച വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണ്. ആ ചിത്രത്തെ പറ്റി ഓര്‍ത്ത് അഭിമാനം കൊള്ളുന്ന ഒരു രജപുത്ര രാജകുമാരിയെ എനിക്കറിയാം.' ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയത്തെ പറ്റിയുള്ള ഓപ്പണ്‍ ഫോറം ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നതിനിടെ തരൂര്‍ പറഞ്ഞു.

അപര്‍ണ സെന്‍, സജിത മഠത്തില്‍, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറം നിയന്ത്രിച്ചത്‌ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഗൗരിദാസന്‍ നായരാണ്.