തിരുവനന്തപുരം: സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭിനേതാക്കളുടെ മനോഭാവമാണെന്ന് പ്രശസ്ത സൗണ്ട് ഡിസൈനറും ഓസ്‌കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഹോട്ടല്‍ സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹൈസിന്തില്‍ നടന്ന സാങ്കേതിക  ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പൂക്കുട്ടി.

'ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ തങ്ങളുടെ ഡയലോഗുകള്‍ എത്ര തന്നെ ദീര്‍ഘമായാലും അത് പഠിച്ച് അവതരിപ്പിക്കാന്‍ അഭിനേതാകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ സിനിമയിലേക്കെത്തുമ്പോള്‍ അവര്‍ ഡയലോഗുകള്‍ നാടകത്തിലേത് പോലെ പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. തദ്ഫലമായി ഡബ്ബിംഗിനെ ആശ്രയിക്കാതെ തരമില്ലെന്ന് വരുന്നു. ഈ മനോഭാവം മാറ്റേണ്ടതുണ്ട്,'' പൂക്കുട്ടി പറഞ്ഞു.

'സിങ്ക് സൗണ്ട് നല്‍കുന്ന ഫീല്‍ നല്‍കാന്‍ ഡബ്ബിംഗിന് കഴിയില്ല. അതിന് അതിന്റേതായ പോരായ്മകളുണ്ട്. ഒരു യഥാര്‍ത്ഥ കഥാസന്ദര്‍ഭത്തില്‍ ഉരുത്തിരിയുന്ന തീവ്രതയയും പശ്ചാത്തലവും സ്റ്റുഡിയോയില്‍ പുന:സൃഷ്ടിക്കുമ്പോള്‍ അത് തനിമയെ കാര്യമായി തന്നെ ബാധിക്കും,' അദ്ദേഹം പറഞ്ഞു.

'അത്തരം പ്രവണത കാഴ്ച്ചക്കാരോട് ചെയ്യുന്ന നെറികേടാണ്. അവര്‍ സിനിമ കാണാന്‍ മുടക്കുന്ന കാശിന് തക്ക നിലവാരം അവര്‍ക്ക് ലഭിക്കണം. പൂര്‍ണ്ണതയില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചയും അനുവദിക്കരുതെന്നതാണ് എന്റെ പക്ഷം. ഹോളിവുഡില്‍ പോലും അച്ചടക്കത്തിന് വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്. സീരിയസ്സായി സിനിമയെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്, ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഹോളിവുഡിലെയും ബോളിവുഡിലെയും അനുഭവങ്ങള്‍ പങ്കുവച്ച് പൂക്കുട്ടി നടത്തിയ പ്രഭാഷണം സദസ്സിന് ഒരേ സമയം കൗതുകരവും ശബ്ദ റെക്കോര്‍ഡിംഗ് രംഗത്തെ മാറ്റങ്ങളെയും സങ്കേതങ്ങളെ പറ്റി അനുവാചകര്‍ക്ക് അറിവ് നല്‍കുന്ന അനുഭവമായും മാറി.

പൂക്കുട്ടിയെ കൂടാതെ പ്രശസ്ത ഇന്ത്യന്‍ സൗണ്ട് ഡിസൈനറായ ബിശ്വ ദീപും അതിഥിയായി പങ്കെടുത്ത സംവിധായകന്‍ വി.കെ പ്രകാശും സദസ്സിനോട് സംവദിച്ചു.

റസൂല്‍ പൂക്കുട്ടിയോടൊപ്പം ജോലി ചെയ്ത അനുഭവങ്ങള്‍ പങ്കു വച്ച വി കെ പ്രകാശ് തന്റെ ഭാവി ചിത്രങ്ങളില്‍ ഡബ്ബിംഗ് ഒഴിവാക്കി സിങ്ക് സൗണ്ട് സങ്കേതം മാത്രമേ ഉപയോഗിക്കൂ എന്ന് പ്രഖ്യാപിച്ചതിനും ശില്‍പ്പശാല വേദിയായി.