തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മന:പൂര്‍വം വിവാദം സൃഷ്ടിക്കാനാണെന്ന് മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ്. സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് മിന്നാമിനുങ്. ഇപ്പോള്‍ കസബയെ കുറിച്ച് പറയേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും മിന്നാമിനുങ്ങിനെ ഒഴിവാക്കിയത് സംബന്ധിച്ച വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരാമര്‍ശം നടത്തിയതെന്നും അനില്‍ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മിന്നാമിനുങ്ങിന്റെയും സുരഭിയ്ക്ക് നേരിടേണ്ടിവന്ന അവഗണനയുടെയും കാര്യത്തില്‍ ഡബ്ല്യുസിസി പ്രതികരിച്ചില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. അപ്പോള്‍ അതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാനായി അവര്‍ ബോധപൂര്‍വം പറഞ്ഞതാണിത്. അല്ലെങ്കില്‍ ഇപ്പോള്‍ അങ്ങനെയൊരു പരാമര്‍ശം നടത്തേണ്ട ഒരു സാഹചര്യവുമില്ല.

ആ സിനിമ ഇറങ്ങിയിട്ട് എത്രയോ നാളായി. മമ്മൂക്കയുടെ തന്നെ പല സിനിമകളും അത്തരത്തിലുണ്ട്. പുരുഷന്‍മാര്‍ക്ക് ആധിപത്യമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് അവരുടേതായ ഇടമുള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. ഒരു സിനിമയിലെ ഡയലോഗോ ആക്ഷനോ വെച്ച് വിമര്‍ശിച്ചാല്‍ മമ്മൂക്കയുടെ ആരാധകര്‍ പ്രതികരിച്ചേക്കുമെന്ന് അവര്‍ക്കറിയാം. അങ്ങനെ വിവാദമുണ്ടാക്കി മിന്നാമിനുങ്ങ് വിഷയത്തില്‍ വീഴ്ചയുണ്ടായെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് ശ്രമം-അനില്‍ തോമസ് പറഞ്ഞു.

 Parvathy Mammootty Kasaba IFFK2017 Open Forum SurabhiLakshmi Minnaminungu Controversy Malayalam Movie WCC