മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച പാര്‍വതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെ.പി രംഗത്ത്. ദൗർഭാഗ്യവശാല്‍ താന്‍ കസബ കണ്ടെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പാര്‍വതിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെത്തുടര്‍ന്നാണ് വ്യാസൻ തന്റെ അഭിപ്രായം ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയത്.

സംവിധായകനും, തിരക്കഥാകൃത്തും നിര്‍മാതാവുമാണ് തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്, അല്ലാതെ പാര്‍വതിയൊ, പാര്‍വതിയുടെ സംഘടനയൊ അല്ല. സെക്‌സി ദുര്‍ഗ്ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും നിരോധിക്കേണ്ടതാണെന്നും പറയുന്നത്, ഇതാണ് ഫാസിസം-വ്യാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വ്യാസന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ് വായിക്കാം

'പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത് പോലെ, അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്നുകയറ്റമാണ്, കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും നിര്‍മാതാവുമാണ് തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്, അല്ലാതെ പാര്‍വതിയൊ, പാര്‍വതിയുടെ സംഘടനയൊ അല്ല.

സെക്‌സി ദുര്‍ഗ്ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും നിരോധിക്കേണ്ടതാണെന്നും പറയുന്നത്, ഇതാണ് ഫാസിസം. സ്ത്രീക്ക് എന്തുമാകാം എന്നാണൊ? കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും, അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ന്ന് വരുന്ന പുരുഷ വിദ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.'