തിരുവനന്തപുരം: ദേശീയ പുരസ്‌കാര ജേത്രിയായ സുരഭി ലക്ഷ്മിയെ ഐഎഫ്എഫ്കെയില്‍ ആദരിക്കാത്തതിനെ കുറിച്ച് ചോദിക്കുന്നവര്‍ പ്രത്യേക ജൂറി പരാമർശം ലഭിച്ച മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍. ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗേറ്റുകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സുരഭിയ്ക്ക് മാത്രമല്ല ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചത്. മോഹന്‍ലാലിന് ഇത്തവണ ജൂറി സ്പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചിരുന്നു. അതും മികച്ച നടിയേക്കാള്‍ കുറഞ്ഞ പുരസ്‌കാരമൊന്നുമല്ല. മികച്ച നടിക്ക് ലഭിക്കുന്നതിനേക്കാള്‍ തുകയുണ്ട് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്. എന്നിട്ടും എന്തുകൊണ്ട് മോഹന്‍ലാലിനെ വിളിച്ച് ഒരു റോസാപൂ പോലും കൊടുത്തില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നില്ല.

ശ്യാം പുഷ്‌കറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. തിരക്കഥാ രചന ഒരു മോശം തൊഴിലാണോ. അന്തര്‍ദേശീയ പുരസ്‌കാരം നേടിയ സനല്‍കുമാര്‍ ശശിധരനെ ക്ഷണിക്കാത്തതെന്തെന്നും ആരും ചോദിച്ചു കണ്ടില്ല.

ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ട് ഒരാളെ ആദരിച്ച ചരിത്രം ഐഎഫ്എഫ് കെയ്ക്കില്ല. അതിന് ചലച്ചിത്ര അക്കാദമി തന്നെ നടത്തുന്ന നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന വേദിയുണ്ട്. 

മിന്നാമിനുങ്ങിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത് മികച്ച ചിത്രത്തിനല്ല. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ട് ഒരു ചിത്രം നന്നാവണമെന്നില്ല. മോശം സിനിമകളിലെ അഭിനയത്തിനും മികച്ച നടിയ്ക്കും നടനുമുള്ള പുരസ്‌കാരം ലഭിക്കാം. മിന്നാമിനുങ്ങ് മോശം ചിത്രമാണെന്നല്ല ഞാന്‍ പറഞ്ഞത്.  ഒരു വടക്കന്‍ വീരഗാഥയ്ക്ക് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടും ആ ചിത്രം ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിങ്ങള്‍ക്കത് ഐഎഫ്എഫ്കെയുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ആ ചിത്രത്തിന് മറ്റെന്ത് പുരസ്‌കാരമാണ് ലഭിച്ചിട്ടുള്ളത്.

മിന്നാമിനുങ്ങിനെ ഉള്‍പ്പെടുത്താത്തതിനെ പറ്റി കൂടുതല്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ല. അതു സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു പല രാഷ്ട്രീയവുമുണ്ട്. പല ഹിഡന്‍ അജണ്ടകളുമുണ്ട് കമല്‍ പറഞ്ഞു.

Content Highlights: Mohanlal National Award, Kamal on Surabhi Lakshmi Controversy, IFFK 2017