തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി രംഗത്ത് വന്നതും സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച മിന്നാമിനുങ്ങെന്ന ചിത്രം മേളയില്‍ ഇല്ലാത്തതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സുരഭിക്ക് കട്ട സപ്പോര്‍ട്ടുമായി തന്റെ നിലപാട് വ്യക്തമാക്കി നടന്‍ ജോയ് മാത്യു ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് ആണ് ശ്രദ്ദേയമാകുന്നത്.

ജോയ് മാത്യുവിന്റെ എഫ്ബി പോസ്റ്റ്‌

നിലപാടുകള്‍:
ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ
വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട

joy mathew

ദേശീയ ചലച്ചിത്രോത്സവത്തിന് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സുരഭി ആരോപിച്ചിരുന്നു.

അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയില്‍ മുഴുവനും എങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കുന്ന 'അവള്‍' ആകാന്‍ തനിക്ക് എത്ര കാലവും ദൂരവും ഉണ്ടെന്നും അവര്‍ ചേര്‍ത്തുപിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയതെങ്കില്‍ ഇങ്ങനെയാകുമോ മേള ആഘോഷിക്കുകയെന്നും ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പുതിയൊരു സംഘടന വേണ്ടി വരുമോയെന്നുമിള്ള ചോദ്യങ്ങളും സുരഭി ഉന്നയിച്ചിരുന്നു. ഡിസംബര്‍ 12-ന് മേളയ്ക്ക് സമാന്തരമായുള്ള  മിന്നാമിനുങ്ങിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങില്‍  താന്‍ പങ്കെടുക്കുന്നുണ്ടെന്നും സുരഭി പറഞ്ഞിരുന്നു. 

സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ കമലും രംഗത്ത് വന്നിരുന്നു. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും കമല്‍ പ്രതികരിച്ചു.