ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുക എന്നത് വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നുവെന്ന് നടന്‍ കൊച്ചുപ്രേമന്‍. ഐ.എഫ്.എഫ്.കെ നഗരിയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേളയില്‍ പങ്കെടുത്ത ശേഷമാണ് അതിന്റെ ഗുണവും ദോഷവും മനസിലായത്. നല്ല സന്ദേശങ്ങള്‍ തരുന്നവയാണ് മേളകള്‍. കാണാന്‍ കഴിയാത്ത ചിത്രങ്ങളാണ് മേളയില്‍ വരുന്നത് എന്നത് വലിയ കാര്യമാണ്. 

കണ്ട അഞ്ച് സിനിമകളില്‍ രണ്ടു പേര്‍ എന്ന മലയാള ചിത്രമാണ് ഏറെ ഇഷ്ടപ്പെട്ടത്. ആളുകളെ പരീക്ഷിക്കുന്ന ചിത്രമായിരുന്നില്ല അത്. ഒരു പരിധി വിട്ടാല്‍ മുഷിച്ചിലുണ്ടാവുമായിരുന്ന സിനിമ അതിനെയെല്ലാം അതിജീവിച്ചു. തിയേറ്ററില്‍ നിന്ന് കാണാനാവാത്ത സിനിമകള്‍ എത്തിക്കുന്നതിന് ഐ.എഫ്.എഫ്.കെയെ അഭിനന്ദിക്കുന്നു. 

വിവാദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാവും. ഫെസ്റ്റിവല്‍ സിനിമകള്‍ മാത്രമേ കാണൂ എന്ന് കരുതുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഫെസ്റ്റിവല്‍ കഴിഞ്ഞാലും ഓരോ തിയറ്ററിലും ഓരോ സിനിമകളുണ്ടാവും. വ്യത്യസ്തമായ ഈ സിനിമകള്‍ ഇവര്‍ എന്തുകൊണ്ട് കാണുന്നില്ല? 

അങ്ങനെയെങ്കില്‍ മാത്രമേ ആ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: IFFK2017 KochuPreman Malayalam Movie Actor