തിരുവനന്തപുരം: ടാഗോറിലെ ഞായറാഴ്ച്ച രണ്ടാമത്തെ ചിത്രം സഞ്ജു സുരേന്ദ്രന്റെ ഏദന്‍. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മലയാള ചിത്രം കാണാന്‍ പത്ത് മണിയോടെ തന്നെ റിസര്‍വ് ചെയ്യാത്ത ഡെലിഗേറ്റുകളുടെ നീണ്ട നിര പ്രത്യക്ഷമായി. ഒന്നേകാല്‍ മണിക്കൂറോളം പൊരിവെയിലത്ത് ക്യൂ നിന്ന് കവാടത്തിനരികില്‍ എത്തുമ്പോള്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം 128. എന്നാല്‍ നൊടിയിടയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡിസ്‌പ്ലേയില്‍ നോ സിഗ്‌നല്‍ മെസേജ് പ്രത്യക്ഷപ്പെട്ടു. പ്രദര്‍ശനത്തിന് 10 മിനറ്റ് മുന്‍പ് റിസര്‍വേഷന്‍ സീറ്റുകളിലേയ്ക്ക് പ്രവേശനം അവസാനിപ്പിക്കണമെന്ന കാര്യം അധികാരികളും മറന്നു. 11.30ന്  സിനിമ തുടങ്ങുമ്പോഴും റിസര്‍വേഷന്‍ സീറ്റെന്ന് പറഞ്ഞു വന്നവര്‍ കയറിപ്പോയി. കാത്തുനിന്ന് മുഷിഞ്ഞവരുടെ ഭാവം മാറാന്‍ തുടങ്ങി. ബഹളവും കൂവിവിളിയും അരങ്ങു കൊഴുപ്പിച്ചു. 15 മിനിറ്റോളം നീണ്ട ബഹളത്തിനൊടുവില്‍ 30 പേരെ കൂടി ഉള്ളിലാക്കി ചില്ലു വാതില്‍ അടച്ച് പോലീസ് കാവലും തുടങ്ങി.

അതിനിടെ ഒരു ഒഫീഷ്യല്‍ പുറത്ത് വന്ന് കൂടി നിന്നവരെ സമാധാനിപ്പിക്കാന്‍ ഒരു വൃഥാശ്രമം നടത്തി. അപ്പോഴേക്കും ചിത്രം തുടങ്ങി 30 മിനിറ്റുകള്‍ പിന്നിട്ടിരുന്നു. ഇങ്ങനെ അധികൃതരുടെ അനാസ്ഥ റിസര്‍വ് ചെയ്യാത്ത ഡെലിഗേറ്റുകള്‍ക്ക് ടാഗോറില്‍ രണ്ടാം ദിനവും ഒരുക്കി വച്ചത് ബുദ്ധിമുട്ടുകള്‍ മാത്രം.

പൊരിവെയിലത്ത് പ്രതീക്ഷയോടെ ഒന്നര മണിക്കൂറോളം വരി നിന്ന ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ മതിയായ കാരണങ്ങളില്ലാതെ വാതില്‍ കൊട്ടിയടയ്ക്കുന്ന പ്രവണത ആദ്യ ദിനത്തിലും കല്ലുകടിയായിരുന്നു. 

നിരാശനായി മടങ്ങേണ്ടി വന്ന ഒരു ഡെലിഗേറ്റിന്റെ രോഷം ഇങ്ങനെ അണപൊട്ടി. ' ഇന്ന് ഇത് രണ്ടാം തവണയാണ് ക്യൂ നിന്ന് മടങ്ങേണ്ടി വന്നത്. ഡിസ്‌പ്ലേ സംവിധാനം ഒക്കെ വെറും പ്രഹസനമാണ്. ചിലരുടെ പാസ് പോലും സ്‌കാന്‍ ചെയ്യുന്നില്ല. മണിക്കൂറുകള്‍ വരി നിന്നവരെ അധിക്ഷേപിക്കുന്ന നിലപാടാണ് സംഘാടകരുടേത്. പരാതിയുണ്ടെങ്കില്‍ ചെയര്‍മാനോട് പറയാനാണ് ചിലര്‍ പറഞ്ഞത്. ക്യൂ നില്‍ക്കുന്നതിനിടെ ഞങ്ങള്‍ക്ക് ഇനി ചെയര്‍മാനെ കൂടി കാണാന്‍ പോകാന്‍ എവിടെ സമയം .'

'സിനിമ തുടങ്ങുന്നതിന് 10 മിനിറ്റെങ്കിലും മുമ്പ് അറിയിച്ചിരുന്നെങ്കില്‍ മറ്റ് ഏതെങ്കിലും തിയ്യേറ്ററിലേയ്ക്ക് പോകാമായിരുന്നു. ഈ പ്രശ്‌നം കാരണം വെറുതെ ക്യൂവില്‍ നിന്ന് സമയം പാഴായി പോവുകയാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തെ പറ്റി ആരാഞ്ഞപ്പോള്‍ തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല എന്നായിരുന്നു അക്കാദമി ചെയര്‍മാന്‍ കമലിന്റെ പ്രതികരണം. അക്കാര്യം ശ്രദ്ധിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ടാഗോറിലെ മൂന്നാമത്തെ ഷോ ആയ 'കട് വി ഹവാ'യ്ക്ക് (മത്സരവിഭാഗം) വലിയ തിരക്കുണ്ടായെങ്കിലും റിസര്‍വേഷന്‍ കൃത്യസമയത്ത് അവസാനിപ്പിച്ചതിനാല്‍ പ്രശ്‌നങ്ങളുണ്ടായില്ല.