തലസ്ഥാനത്തിന്റെ സ്വന്തം ചലച്ചിത്രമേള എല്ലാത്തവണയും പോലെ പ്രതിഷേധങ്ങൾക്കും വേദിയായി. രണ്ട് പ്രതിഷേധ ഫ്ളാഷ്‌മോബുകളാണ് മേളവേദികളിൽ അരങ്ങേറിയത്. ഒന്ന് വിദ്യാർഥിനികളുടേതും മറ്റൊന്ന് ഭിന്നലൈംഗികരുടേതും. നാടൻ പാട്ടുകളുമായി വേറെ സംഘങ്ങളുമെത്തി. പ്രധാനവേദിയായ ടാഗോറിലാണ് ആഘോഷങ്ങളിലേറെയും നടക്കുന്നത്. കനകക്കുന്നും കൈരളിയുമാണ് മറ്റ് രണ്ട് ആഘോഷവേദികൾ
എയ്ഡ്‌സ് ബോധവത്‌കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയ വിദ്യാർഥിനികൾക്കെതിരേ ഭീഷണി ഉയർത്തുന്നതിൽ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥിനികൾ ടാഗോറിൽ ഫ്ളാഷ് മോബ് നടത്തിയത്. 

എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പു.ക.സ. മാനവീയം തെരുവിടം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു. ട്രാൻസ് ജെൻഡേഴ്‌സ് സംരക്ഷണ ബിൽ കേന്ദ്രസർക്കാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭിന്നലൈംഗികർ പ്രതിഷേധനൃത്തം ചവിട്ടിയത്. ആഘോഷങ്ങൾ തുടങ്ങുന്നതോടെ കാണികളും ചുറ്റും കൂടും. മേള നാലുദിവസം പിന്നിട്ടതോടെ സിനിമാ ചർച്ചകളും സജീവമായി. 
രാവിലെ ഏട്ടരയ്ക്ക് തുടങ്ങുന്ന സിനിമകാണാനുള്ള ഓട്ടം അവസാനിക്കുന്നത് രാത്രിയാണ്. പിന്നെ റോഡ് വക്കുകളിലും തട്ടുകടകൾക്ക് മുന്നിലുമെല്ലാം സജീവ ചർച്ചകളാണ്. 

ലോഡ്ജുകളിലെ ഇടനാഴികളിലും രാത്രി വൈകിയും നല്ല സിനിമകളുടെ ചർച്ചകൾ കൊഴുക്കും. മൂന്നും നാലും ദിവസത്തേക്ക് അവധിയെടുത്തെത്തിയവർ എത്രയും വേഗം നല്ല കുറേ ചിത്രങ്ങൾ കണ്ടുമടങ്ങാനുള്ള തിടുക്കത്തിൽ നെട്ടോട്ടമാണ്. എന്നാൽ ഏറെ നേരം നിരയിൽ നിന്നിട്ടും ഒടുവിൽ തിേയറ്ററിൽ കയറാതെ മടങ്ങേണ്ടിവരുന്നത് ഇവരെ വലയ്ക്കുന്നു.

എവിടെ മേളയിലെ ‘താരം’ 
സാധാരണ എല്ലാ മേളകളിലും താരമായി മാറുന്ന ചിത്രമുണ്ടാകാറുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ ജനം പറഞ്ഞുപറഞ്ഞ് ഈ ചിത്രത്തിന് വലിയ തിരക്കായി മാറുകയാണ് പതിവ്. 
കഴിഞ്ഞ തവണ ‘നെറ്റ്’ ആയിരുന്നു പ്രേക്ഷകരുടെ താരമായത്. എന്നാൽ ഇത്തവണ ഒട്ടേറെ ചിത്രങ്ങളുടെ പേര് ഈ പട്ടികയിൽപ്പെട്ടെങ്കിലും നല്ല കുറേ ചിത്രങ്ങളുണ്ടെന്നാണ് സ്ഥിരം പ്രേക്ഷകരുടെ ആഭിപ്രായം. 
സാധാരണ ഇങ്ങനെ തിരക്കേറുന്ന ചിത്രങ്ങൾക്ക് പ്രത്യേക പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്.  സിംഫണി ഓഫ് അന്ന, ലൗലസ്, യങ് കാൾ മാക്സ് തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകപ്രശംസ നേടിയെങ്കിലും ഭൂരിഭാഗവും ഒറ്റക്കെട്ടായി തിരഞ്ഞെടുത്ത ചിത്രം ഉണ്ടായില്ല. മലയാള ചിത്രമായ ഏദനും ഇത്തവണ പ്രേക്ഷകപ്രീതിയിൽ മുന്നിലാണ്.

സ്ഥിരം പാറ്റേണും പറഞ്ഞ കഥകളും പല ചിത്രങ്ങളിലും ആവർത്തിക്കുന്നുണ്ടെന്നാണ് മറ്റൊരു പരാതി. ഇൻ സിറിയ, ഖ്വിബുല തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ വരുന്നതാണ്.  ഇൻസിറിയ ക്ലാഷിനെയും ഖ്വിബുല പ്രസിഡന്റിനെയും ഓർമിപ്പിക്കുന്നതാണ്. ഇറാനിയൻ ചിത്രങ്ങളിലും ഈ ആവർത്തനവിരസത കാണുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.

മനുഷ്യന്റെ അന്തർസംഘർഷങ്ങളാണ് ഭൂരിഭാഗം ചിത്രങ്ങളുടെയും വിഷയം. കഥപറയാനായി ക്രൗര്യവും ലൈംഗികതയും ഉപയോഗപ്പെടുത്തുന്ന ശൈലിയിലും മാറ്റമുണ്ട്. മലയാളിയുടെ ഇഷ്ടസംവിധായകനായ കിംകിഡുക്കിന്റെ ചിത്രങ്ങളില്ല എന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

നല്ല ചിത്രങ്ങളേറെയുണ്ടെങ്കിലും പുതിയ മിക്ക ചിത്രങ്ങളുടെയും ദൈർഘ്യം കൂടുതലാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. പല ചിത്രങ്ങളും ഇഴഞ്ഞുനീങ്ങുന്ന പ്രതീതിയുണ്ടാക്കുന്നതായും പരാതിയുണ്ട്.