Anuha Boonyawatanaതിരുവനന്തപുരം: ഇഷ്ടങ്ങളുടെ സമാഹരണമാണ് തനിക്ക് സിനിമയെന്ന് മലില-ദി ഫെയര്‍വെല്‍ ഫ്‌ളവറിന്റെ സംവിധായിക അനുച്ച ബൂന്യവതന പറഞ്ഞു. ചലച്ചിത്രമേളകളില്‍നിന്നു കിട്ടുന്ന പുരസ്‌കാരങ്ങളേക്കാള്‍ പ്രേക്ഷകരുടെ അംഗീകാരമാണ് പ്രധാനം. തായ്‌ലന്‍ഡില്‍ ആവിഷ്‌കാരത്തിന് നിയന്ത്രണങ്ങളുണ്ട്. ബുദ്ധിസത്തോടുള്ള വിമര്‍ശനം അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ചലച്ചിത്രോത്സവത്തിലെ മീറ്റ് ദ ഡയറക്ടേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍കൊണ്ട് സ്വദേശത്തുനിന്ന് പലായനം ചെയ്തവരുടെ കഥയാണ് സിനിമയില്‍ പറയാന്‍ ശ്രമിച്ചതെന്ന് റിട്ടേണി എന്ന കസാഖ്‌സ്താന്‍ സിനിമയുടെ സംവിധായകന്‍ സാബിത് കുര്‍മെന്‍ബെക്കോവ് പറഞ്ഞു.

വാണിജ്യസിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി പ്രവര്‍ത്തിച്ച താന്‍ സ്വന്തമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അത് വടക്കുകിഴക്കന്‍ ഇന്ത്യയുടെ കഥയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് സ്‌മോക്കിങ് ബാരല്‍സിന്റെ സംവിധായകന്‍ സഞ്ജിബ് ദേ പറഞ്ഞു. വടക്കുകിഴക്കേ ഇന്ത്യയിലെ ആറുഭാഷകള്‍ ഈ ചിത്രത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ബാക്കി 194 ഭാഷകള്‍കൂടി സിനിമയില്‍ ഉള്‍പ്പെടുത്താനായില്ലയെന്നതാണ് തന്റെ പരാജയമെന്ന് സഞ്ജിബ് ദേ പറഞ്ഞു.

2012-ല്‍ നിര്‍മിച്ച ഹ്രസ്വചിത്രമാണ് അതിശയങ്ങളുടെ വേനല്‍ ചെയ്യാന്‍ ആത്മവിശ്വാസം തന്നതെന്ന് പ്രശാന്ത് വിജയ് വിശദീകരിച്ചു. നാടകീയ രംഗങ്ങള്‍ ഒഴിവാക്കുകവഴി സിനിമാ നിര്‍മാണത്തിലെ പൊതുരീതിയെ മറികടക്കാന്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. സിനിമാമേഖലയിലെ പരിചയക്കുറവായിരിക്കാം ഒരുപക്ഷേ, ഇതിനു സഹായിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഉള്ളടക്കത്തോട് സത്യസന്ധത പുലര്‍ത്തുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് മഹേഷ് നാരായണന്‍ പറഞ്ഞു. ഒരു യഥാര്‍ഥ കഥയെ ആവിഷ്‌കരിക്കുമ്പോള്‍ വെല്ലുവിളികളുണ്ട്. അവതരണത്തില്‍ മാറ്റംവരുത്തിക്കൊണ്ടു മാത്രമേ ആ വെല്ലുവിളിയെ അതിജീവിക്കാനാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.