കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് കഴിഞ്ഞദിവസം ഏരീസ് പ്ലക്‌സില്‍ നടന്ന പ്രദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചിത്രം യങ് കാള്‍ മാക്‌സ്. കാണാനെത്തിയതാകട്ടെ സംസ്ഥാനത്തെ മന്ത്രിമാരും ഇടത് നേതാക്കളും. 

മന്ത്രിമാരായ ടി.എം.തോമസ് ഐസക്, കെ.കെ. ഷൈലജ, ജി.സുധാകരന്‍ എന്നിവര്‍ക്കൊപ്പം എം.എ.ബേബി, ആനത്തലവട്ടം ആനന്ദന്‍, എം.വി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, എം. വിജയകുമാര്‍, ചിന്താ ജെറോം എന്നിവരും സിനിമയ്‌ക്കെത്തിയിരുന്നു. ആദ്യം പുറത്തിറങ്ങിയ ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുഖം തന്നില്ല. കാള്‍ മാക്‌സിന്റെ ജീവിതം സിനിമയില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. പുതിയ തലമുറയ്ക്ക് പഴയ കാര്യങ്ങളേക്കുറിച്ചറിയാനുള്ള ചിത്രമാണിതന്നായിരുന്നു പിന്നാലെ പുറത്തിറങ്ങിയ എം.വി.ജയരാജന്റെ പ്രതികരണം.

അന്നത്തെ കാലത്ത് തൊഴിലാളിവര്‍ഗം അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി കാണിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിനിമയായിട്ടല്ല ഒരു ചരിത്രമായി വേണം ഇതിനെ കാണാനെന്ന് മുന്‍ സ്പീക്കര്‍ കൂടിയായ എം.വിജയകുമാര്‍ അഭിപ്രായപ്പെട്ടു. കാള്‍ മാക്‌സിന്റെ ത്യാഗം എന്തായിരുന്നെന്ന് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മാറ്റിമറിക്കാന്‍ പോന്ന ശാസ്ത്രീയമായ ആശയം മാക്‌സും എംഗല്‍സും മുന്നോട്ടുവച്ചിട്ടുള്ള ശാസ്ത്രീയ സോഷ്യലിസത്തിന്റേതാണ് എന്നാണ് യങ് കാള്‍മാക്‌സ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെ തിരക്കെന്ന് കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു.

ചിത്രത്തേപ്പറ്റി പറയാന്‍ മലയാള വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല മന്ത്രി ജി.സുധാകരന്. പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇംഗ്ലീഷില്‍ത്തന്നെ അഭിപ്രായം പറഞ്ഞു. അതിഗംഭീരമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കൊടിയ യാതനകളിലൂടെയാണ് മാര്‍ക്‌സിന്റെയും ജെനിയുടേയും ജീവിതം കടന്നുപോയതെന്ന് ചിത്രം പറയുന്നുണ്ടെന്ന് എം.എ.ബേബി പ്രതികരിച്ചു. മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും സൗഹൃദം നന്നായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചുവെന്ന് ചിന്താ ജെറോമും പ്രതികരിച്ചു.