തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ ഹാളില്‍ ഫ്ലാഷ്മോബ് പ്രതിഷേധം. മലപ്പുറം കുന്നുമ്മലില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ട ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയിരുന്നത്. 

നല്ല ഒരു കാര്യത്തിനു വേണ്ടി ചെയ്ത ഒരു പ്രവൃത്തിയെ ഇത്തരത്തില്‍ അവഹേളിച്ചത് തീര്‍ത്തും സങ്കടകരമായ അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളായ ഗൗരിശങ്കരി, പാര്‍വതി പ്രസാദ്, നമിത ഫര്‍സാന സജിത്, മിലി പ്രതീഷ് തോമസ്, ആതിര എം.എ, വിഷ്ണു വി.ജി, ചാരു ജെ.എം. എന്നിവരാണ് ഫ്ലാഷ്മോബില്‍ നൃത്തം ചെയ്തത്. 

ഇത്തരത്തിലുള്ള സമീപനങ്ങള്‍ കണ്ടു വളര്‍ന്നുവരുന്ന തലമുറ നാളെ തെരുവില്‍ തമ്മില്‍തല്ലുന്നതിനേ ഇത്തരം പ്രവൃത്തികള്‍ വഴിവയ്ക്കൂ. പൊതുസ്ഥലത്ത് പുകവലിക്കുന്നതോ മദ്യപിച്ച് ബഹളം വയ്ക്കുന്നതിനോ പ്രശ്നമില്ലാത്തവര്‍ എന്തിനാണ് ഈ വിഷയത്തില്‍ മാത്രം ഇത്രയധികം പ്രകോപിതരാകുന്നതെന്നും ഫ്ലാഷ്മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ചോദിച്ചു. 

ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും മനുഷ്യരായി കാണണമെന്ന് പറഞ്ഞ വിദ്യാര്‍ഥികള്‍ ഇനിയും ഇത്തരത്തിലുള്ള പ്രതിഷേധപരിപാടികള്‍ നടത്തിമെന്നും വ്യക്തമാക്കി.