തിരുവനന്തപുരം: ചെറുകഥ സിനിമയാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം തങ്ങള്‍ക്കും ഉണ്ടായിട്ടുള്ളതായി 'ഏദന്‍' എന്ന സിനിമയുടെ സംവിധായകനായ സഞ്ജു സുരേന്ദ്രന്‍ പറഞ്ഞു. എസ്.ഹരീഷിന്റെ ചെറുകഥകളായ ചപ്പാത്തിലെ കൊലപാതകം, നിര്യാതനായി, മാന്ത്രിക വാല്‍ എന്നിവയെ ആസ്​പദമാക്കിയാണ് സഞ്ജു തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ''ഹരീഷ് കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഹരീഷുമായി സംസാരിക്കുകയും സിനിമയിലേക്കു കടക്കുകയും ചെയ്തത്. ഹരീഷിന്റെ രചനകളില്‍ വാക്കുകളുടെ കളിയാണ്. വാക്കുകളില്‍ നിഗൂഢതകള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന ആഖ്യാനരീതിയാണ് അദ്ദേഹത്തിന്റേത്. അതിനാല്‍ തന്നെ അത് അതേപടി പകര്‍ത്തുക യാഥാര്‍ഥ്യമല്ല. ചെറുകഥകളില്‍ വാക്കുകളാണ് പ്രധാനമെങ്കില്‍ സിനിമയില്‍ ദൃശ്യങ്ങളും ശബ്ദവുമാണ് പ്രധാനം''-സഞ്ജു പറയുന്നു.

''ആദ്യ ചിത്രമെന്നനിലയില്‍ നിര്‍മാതാവിനെയടക്കം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടായി. മുരളി മാട്ടുമ്മലിനെപ്പോലത്തെ നല്ല ചിത്രങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള നിര്‍മാതാവിനെ കിട്ടിയത് സിനിമയ്ക്ക് ഗുണംചെയ്തു. ചിത്രത്തിന്റെ മൊത്തം പ്രവര്‍ത്തകരുടെയും കഠിനാധ്വാനവും സിനിമയെ നല്ലരീതിയില്‍ സഹായിച്ചു''-സഞ്ജു പറയുന്നു. കോട്ടയത്തെ ഹൈറേഞ്ച് പ്രദേശങ്ങളും െബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. മനേഷ് മാധവനാണ് ഛായാഗ്രാഹകന്‍.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജു സുരേന്ദ്രനും ഹരീഷും ചേര്‍ന്നാണ്. ആദ്യ ചിത്രം തന്നെ പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു സുരേന്ദ്രന്‍. ഞായറാഴ്ച രാവിലെയാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്. വരിനിന്ന ഭൂരിഭാഗം പേര്‍ക്കും ചിത്രം കാണാന്‍ സാധിച്ചില്ല. മാത്രമല്ല, ചൊവ്വാഴ്ച വൈകീട്ട് പ്രദര്‍ശനം നടക്കുന്ന കൈരളി തിേയറ്ററില്‍ സീറ്റ് റിസര്‍വേഷന്‍ തിങ്കളാഴ്ച ഉച്ചയോടെ തന്നെ അവസാനിച്ചു.

സി.അയ്യപ്പന്റെ 'കാവല്‍ ഭൂതം' എന്ന കഥയെ ആസ്​പദമാക്കിയാണ് അടുത്ത സിനിമ ഒരുക്കുന്നത്. സിനിമയ്ക്ക് നല്ല പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. സഞ്ജുവിനോടൊപ്പം നിര്‍മാതാവ് മുരളി മാട്ടുമ്മല്‍, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍, സിനിമയിലെ നടന്‍മാര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.