തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാസ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌കാര ജേത്രിയായ നടി സുരഭി ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള. മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിച്ചു.

Read More : സുരഭിയെ വെട്ടിമാറ്റി; മികച്ച നടിക്ക് പാസില്ല, ചലച്ചിത്രമേളയില്‍ ചിത്രവുമില്ല

ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും ക്ഷണപ്രകാരം വന്നവരല്ലെന്നും മത്സര വിഭാഗത്തില്‍ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ റൂള്‍സ് അനുവദിക്കാത്തതിനാലാണ് ' മിന്നാമിനുങ്ങ്' മേളയില്‍ ഇല്ലാതെ പോയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ തന്നെയും തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തെയും അവഗണിച്ചുവെന്നും മേളയിലേക്കുള്ള പാസ് ലഭിക്കുന്നതിനായി സംവിധായകന്‍ കമലിനെ സമീപിച്ചെങ്കിലും സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും സുരഭി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുയായിരുന്നു കമല്‍

Content Highlights : Director Kamal On Surabhi Lakshmi's Allegations