തിരുവനന്തപുരം: താന്‍ സിനിമയിലെത്തപ്പെട്ടത് തികച്ചും ആകസ്മികമായെന്ന് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവ്. നിള തിയേറ്ററില്‍ ചൊവ്വാഴ്ച്ച ചലച്ചിത്ര നിരൂപകന്‍ സി എസ്സ് വെങ്കിടേശരനുമായി നടത്തിയ ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന പരിപാടിയിലാണ് സുകുറോവ് മനസ്സ് തുറന്നത്. 

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ സുകുറോവിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

'ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തിയാണ്. കലാപരമായി ആഭിജാത്യ ശ്രേണിയിലുള്ളവരായിരുന്നില്ല എന്റെ മാതാപിതാക്കള്‍. അതു കൊണ്ട് തന്നെ സിനിമ എന്നത് അവരെ സംബന്ധിച്ചിടത്തോളം മേന്‍മയുള്ള ഒരു മേഖലയായിരുന്നില്ല. എന്റെ ജീവിതാനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ഒരാളുടെ സോഷ്യല്‍ സ്റ്റാറ്റസിന് അയാളുടെ ഭാവിയെ നിര്‍വചിക്കാന്‍ തക്ക സ്വാധീനം ഇല്ലെന്നാണ്.'

'ഞാന്‍ ഒരു ചരിത്ര കുതുകിയായിരുന്നു. എന്റെ താല്‍പര്യം സിനിമയോടായിരുന്നില്ല, മറിച്ച് റേഡിയോ തിയ്യേറ്ററിനോടായിരുന്നു. ഓപ്പറ, സംഗീത പരിപാടികള്‍ തുടങ്ങിയവയും ഇഷ്ട വിഷയങ്ങള്‍ തന്നെ. ഒരു തൊഴിലെന്ന നിലയ്ക്ക് ഒരു സംവിധായകന്റെ സഹായിയായി പ്രവര്‍ത്തിക്കേണ്ടി വന്നിടെത്തു നിന്നുമാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പതിയെ പടിപടിയായി തുടങ്ങിയ ആ ജീവിതം ഇപ്പോഴും കറങ്ങി തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഞാന്‍ സിനിമയുടെ ആരാധകനേയല്ല. ഒരു സംവിധായകനെന്ന നിലയില്‍ ചലച്ചിത്രത്തിന്റെ ഭാഷ ആവിഷ്‌ക്കരിക്കാന്‍ ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.''

sokurov

സോവിയറ്റ് സംവിധായകനായിരുന്ന ആന്ദ്രേ തര്‍ക്കോവ്‌സ്‌കിയുമായുള്ള ബന്ധത്തെ പറ്റിയും സോകുറോവ് ഓര്‍മ്മകള്‍ പങ്കുവച്ചു.

'എന്റെ സിനിമകള്‍ ഭരണകൂടം നിരോധിച്ചപ്പോള്‍ തര്‍ക്കോവ്‌സ്‌കി ഒരുപാട് പിന്തുണ നല്‍കിയിരുന്നു. തമ്മില്‍ പരിചയപ്പെട്ട കാലത്ത് അദ്ദേഹവുമായി ചര്‍ച്ചകളും തര്‍ക്കങ്ങളും പതിവായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് ഒരു പരുക്കന്‍ ഭാവം ഉണ്ടായിരുന്നു താനും. എന്നാല്‍ മറ്റാരും സഹായിച്ചതിനേക്കാള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. സോവിയറ്റ് യൂണിയര്‍ വിട്ട് പോയതിന് ശേഷവും കത്തുകളിലൂടെയും ടെലിഫോണിലൂടെയും ഞങ്ങള്‍ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റലിലേക്കുള്ള മാറ്റം സംവിധായകന്റെ ജോലി കൂടുതല്‍ എളുപ്പമുള്ളതാക്കി എന്ന് സോകുറോവ് പറഞ്ഞു.

'റഷ്യന്‍ ആര്‍ക്കിന്റെ വിജയകരമായ അവതരണത്തിന് ഡിജിറ്റലൈസേഷന്‍ വളരെ ഉപകാരപ്രദമായിട്ടുണ്ട്. അവസാന ഇമേജിന്റെ ക്വാളിറ്റി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില നേരങ്ങളില്‍ നമ്മള്‍ മനസ്സില്‍ കാണുന്നത്ത് തിരശീലയില്‍ അതേ രീതിയില്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. സെല്ലുലോയിഡായാലും ഡിജിറ്റല്‍ ഫോര്‍മാറ്റിലായാലും ആത്യന്തികമായി സംവിധായകന്റെ രീതിയും കഴിവും തന്നെയാണ് പ്രധാന ഘടകങ്ങള്‍.'

ഇന്ത്യന്‍ സിനിമകളെ പറ്റിയുളള ചോദ്യത്തിന് താന്‍ കൂടുതലായി അത്തരം ചിത്രങ്ങള്‍ കാണാറില്ല എന്ന് സോകുറോവ് മറുപടി നല്‍കി.

മ്യൂസിയങ്ങളോടുള്ള സോകുറോവിന്റെ അത്യധികമായ അഭിനിവേശത്തെ പറ്റിയായിരുന്നു അടുത്ത ചോദ്യം.

'എന്നെ സംബന്ധിച്ചാത്തോളം മ്യൂസിയം ഒരു ഫില്‍ട്ടര്‍ പോലെയാണ്. ഒരു കാലഘട്ടത്തിന്റെ തിരഞ്ഞെടുക്കപ്പെട ശേഷിപ്പികകളുടെ സൂചികയാണത്. ഒരു കാലഘട്ടം നിലനിന്നിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകളാണ് അവ. ചരിത്രമാകട്ടെ എന്റെ ഇഷ്ട വിഷയവും. മ്യൂസിയത്തിലേക്കുള്ള ഓരോ സന്ദര്‍ശനവും എന്നെ വീണ്ടും വീണ്ടും ശുദ്ധീകരിക്കുന്നതായ് എനിക്ക് അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു സിനിമ കാണുന്ന ലാഘവത്തില്‍ ഒരിക്കലും ഒരു പുസ്തകം വായിക്കാന്‍ കഴിയില്ല. സിനിമ ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണ്. മുന്നോട്ടു പോകാന്‍ ഏറെയുണ്ട്. 

'റഷ്യയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം താരതമ്യേന കുറവാണ്. അതു കൊണ്ട് തന്നെ അഭിപ്രായം പറയാന്‍ തക്കവിധം ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ അവസരം കിട്ടിയിട്ടില്ല.'

തന്റെ അടുത്ത ചിത്രത്തെ പറ്റിയുള്ള ചോദ്യത്തിന് പുഞ്ചിരിയോടെയാണ് സോകുറോവ് മറുപടി പറഞ്ഞത്. 
''അത് ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല. അതിന്റെ കഥാതന്തുവിന്റെ രഹസ്യാത്മകത ചിത്രം പുറത്തു വരുന്നതുവരെ അതുപോലെ തന്നെ നിലനില്‍ക്കട്ടെ,' അദ്ദേഹം പറഞ്ഞു നിര്‍ത്തി.