ടി സുരഭിലക്ഷ്മിയോട് ചലച്ചിത്രമേളയില്‍ നീതിനിഷേധം കാട്ടിയിട്ടില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഭാരവാഹി എന്ന നിലയിലല്ല, വ്യക്തിപരമായാണ് താന്‍ ഈ അഭിപ്രായം പറയുന്നതെന്നും ദീദി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

തന്നെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരിക്കാത്തതില്‍ നടി സുരഭിലക്ഷ്മി പ്രകടിപ്പിച്ച വിഷമത്തില്‍ ഖേദമുണ്ടെന്നും സുരഭിയോടുള്ള വ്യക്തിപരമായ അടുപ്പം കാരണം വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതെന്നും ദീദി പറഞ്ഞു. സുരഭിയെ നേരത്തേ തന്നെ കമല്‍ സാര്‍ വിളിക്കുകയും ഗസ്റ്റ് പാസ് തയ്യാറാക്കി വയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ നടന്ന സാഹചര്യത്തില്‍ കമല്‍ സാര്‍ വീണ്ടും സുരഭിയെ വിളിക്കുകയും ഇങ്ങോട്ട് വരാനായി വിമാന ടിക്കറ്റ് റെഡിയാക്കുകയും ഇവിടെ വന്നാല്‍ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒഴികെ മറ്റാരും ക്ഷണിച്ചിട്ട് എത്തിയിട്ടുള്ളവരല്ല. അവരെല്ലാം ഈ മേള അവരുടേതു കൂടിയാണ് എന്ന തരത്തില്‍ എത്തിയവരാണ-ദീദി പറഞ്ഞു.

ദീദിയുടെ അഭിമുഖത്തില്‍ നിന്ന്

ഡബ്ല്യു.സി.സി.യുടെ ആള്‍ എന്ന നിലയിലല്ല, വ്യക്തിപരമായാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറയുന്നത്. ഇതെങ്ങനെയാണ് ഒരു പ്രശ്‌നമായി ഉടലെടുത്തത് എന്ന് എനിക്കറിയില്ല, പക്ഷേ സുരഭിക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്ക് ഖേദമുണ്ട്. സുരഭിയുമായി വ്യക്തിപരമായി എനിക്ക് നല്ല അടുപ്പമുണ്ട് അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഞാന്‍ വ്യക്തിപരമായി നേരിട്ട് അന്വേഷിച്ചത്. സുരഭിയെ നേരത്തേ തന്നെ കമല്‍ സാര്‍ വിളിക്കുകയും ഗസ്റ്റ് പാസ് തയ്യാറാക്കി വയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ നടന്ന സാഹചര്യത്തില്‍ കമല്‍ സാര്‍ വീണ്ടും സുരഭിയെ വിളിക്കുകയും ഇങ്ങോട്ട് വരാനായി വിമാന ടിക്കറ്റ് റെഡിയാക്കുകയും ഇവിടെ വന്നാല്‍ താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഞാന്‍ അന്വേഷിച്ചതില്‍ നിന്നും എനിക്ക് അറിയാന്‍  സാധിച്ചത്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒഴികെ മറ്റാരും ക്ഷണിച്ചിട്ട് എത്തിയിട്ടുള്ളവരല്ല. അവരെല്ലാം ഈ മേള അവരുടേതു കൂടിയാണ് എന്ന തരത്തില്‍ എത്തിയവരാണ്.

ഐ.എഫ്.എഫ്.കെ.യില്‍ ഇതുവരെ ദേശീയ അവാര്‍ഡ് കിട്ടിയ ആരെയെങ്കിലും പ്രത്യേകമായി വിളിച്ച് ആദരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സുരഭിയോട് അക്കാദമി നീതി നിഷേധം കാണിച്ചു എന്നു പറയാനാവില്ല. അഭിനന്ദനീയമാണ് ദേശീയ അവാര്‍ഡ് വരെയുള്ള സുരഭിയുടെ യാത്ര. ഇത് അറിയാത്ത ആരും അക്കാദമിയിലും ഡബ്ല്യു.സി.സി.യിലും ഇല്ല. ഈ മേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അക്കാദമിയെ ന്യായീകരിക്കേണ്ട ഒരുത്തരവാദിത്വവും എനിക്കില്ല. മറിച്ച് അങ്ങനെ ഒരു സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ കഴിഞ്ഞത്.

ജൂറി തിരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ അവള്‍ക്കൊപ്പം എന്ന വിഭാഗത്തിലായിരുന്നു സുരഭിയുടെ മിന്നാമിന്നുങ്ങ് പ്രദര്‍ശിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നത്. മീനാ പിള്ളയാണ് ആ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയെ ചിത്രങ്ങള്‍ ഏല്‍പിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാദമി അവരുടെ തീരുമാനത്തില്‍ കൈകടത്താറില്ല. അതു കൊണ്ടു തന്നെ അവര്‍ ഒരു സിനിമ തിരഞ്ഞെടുത്തില്ലെങ്കില്‍ അതിന് അക്കാദമിയെ കുറ്റപ്പെടുത്താനാവില്ല. അതിനുള്ള കാരണം പറയേണ്ടത് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്ളവര്‍ തന്നെയാണ് അല്ലതെ അക്കാദമിയല്ല-ദീദി പറഞ്ഞു.