നുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് രജിഷ വിജയന്‍. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. ഇത്തവണ ഐ.എഫ്.എഫ്.കെയിലും താരമായി രജിഷയുണ്ട്.  രജിഷ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

ഇതിനു മുമ്പ് വന്നിട്ടുണ്ടോ, അതോ ആദ്യത്തെ ഐ.എഫ്.എഫ്.കെയാണോ?

ജീവിതത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവലാണ്. ഭയങ്കര സന്തോഷമുണ്ട്. ഡല്‍ഹിയില്‍ ചലച്ചിത്രമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ടു വരാന്‍ സാധിച്ചില്ല. ഇത്തവണ മൂന്നു ദിവസം ഇവിടെയുണ്ടാകും. കഴിയുന്നത്ര സിനിമകള്‍ കാണണം.

ഏതൊക്കെ സിനിമകളാണ് കാണാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്?

കറുത്ത ജൂതന്‍ എന്തയാലും കാണണം. തിയേറ്ററില്‍ പോയി കാണണം എന്ന് വിചാരിച്ച പടമാണത്. ഇവിടെ രണ്ട് ഷോ ഉണ്ട്. പിന്നെ ലോക സിനിമയെക്കുറിച്ച് കൂടുതല്‍ അറിയില്ല. നല്ല സിനിമകള്‍ ഏതൊക്കെയെന്ന് സുഹൃത്തുക്കളോട് ചോദിച്ചു കാണണം എന്നാണ് വിചാരിക്കുന്നത്. 

ഷൂട്ടിങ് തിരക്കിനിടയിലാണോ ഇവിടെയെത്തിയത്?

ഷൂട്ടിങ് മാറ്റിവെച്ചാണ് വന്നത്. എനിക്ക് ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാനുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങ് പരിപാടികളൊന്നും ഇല്ലാതെ നടത്താന്‍ തീരുമാനിച്ചതിനാല്‍ കൂടുതല്‍ ഒഴിവു സമയം കിട്ടി. ആ സമയം കൂടി സിനിമ കാണണമെന്നാണ് വിചാരിക്കുന്നത്.