ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി നേടിയിരുന്നു. ഇത്തവണ ഐഎഫ്എഫ്‌കെയിലെത്തുമ്പോള്‍ അതിന്റെ തിളക്കവും പാര്‍വതിക്കുണ്ട്. ഗോവ ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമാ താരമാണ് പാര്‍വതി. തിരുവന്തപുരം രാജ്യന്തരം മേളക്കെത്തിയ പാര്‍വതി മാതൃഭൂമി ഡോട്ട്‌ കോമുമായി സംസാരിച്ചു.

ഗോവ മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ തിളക്കിത്തലാണോ പാര്‍വതി?

ഞാനിപ്പോള്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രതിനിധി എന്ന നിലയിലാണ് ഐ.എഫ്.എഫ്.കെയ്ക്ക് വന്നിരിക്കുന്നത്. അതിന്റെ സന്തോഷമുണ്ട്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതിന്റെ തിളക്കത്തിലാണ്. 

തിരുവനന്തപുരത്തും നിറഞ്ഞ സദസ്സിലാണ് ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചത്. ഇത്തരമൊരു വിജയചിത്രത്തിന്റെ ഭാഗമയാതിനെക്കുറിച്ച്?

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികള്‍ വരുന്ന ചലച്ചിത്രമേളകളാണ് ഗോവയിലേതും തിരുവനന്തപുരത്തേതും. അവിടെ ടേക്ക് ഓഫ് ശ്രദ്ധ നേടുക എന്നത് ചെറിയ കാര്യമല്ല. പിന്നെ അതെന്റെ സിനിമ മാത്രമല്ല. ഒരു കൂട്ടായ്മയുടെ വിജയമാണ്. രാജേഷ് പിള്ളയും ആന്റോ ജോസഫും മഹേഷ് നാരായണനും ബോബി സഞ്ജയുമടക്കമുള്ള കൂട്ടായ്മയുടെ വിജയം. എന്തൊക്കെ പുരസ്‌കാരം നേടാം എന്ന രീതിയിലല്ല ടേക്ക് ഓഫെടുത്തത്. ഇങ്ങിനെയൊക്കെ പുരസ്‌കാരം ലഭിച്ചത് അനുഗ്രഹമാണ്.

നോട്ട്ബുക്കില്‍ തുടങ്ങി ടേക്ക് ഓഫിലെത്തി നില്‍ക്കുന്നു. പാര്‍വതി ഇപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമല്ലേ?

സിനിമയ്ക്കും കലയ്ക്കും അങ്ങിനെ അവിഭാജ്യ ഘടകങ്ങളൊന്നുമില്ല. ആരു വന്നാലും പോയാലും സിനിമയും കലയും മുന്നോട്ടുപോകും. അതിപ്പോള്‍ ഞാനായാലും അങ്ങിനെയാണ്. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലുമുണ്ടാകും.