ദ്യചിത്രം തന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ത്രില്ലിലാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായിക നിമിഷ സജയന്‍. 

ആദ്യമായി ഒരു ചലച്ചിത്രമേളയുടെ ഭാഗമാകുമ്പോള്‍?

അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ഇവിടെ വന്നപ്പോള്‍ മുതല്‍ പോസിറ്റീവ് വൈബ്സാണ്. ഇവിടെയുള്ളവരെല്ലാം സിനിമയെ ഇഷ്ടപ്പെടുന്നവരാണ്. സിനിമയെക്കുറിച്ച് മാത്രമാണ് ഇവിടെ എല്ലാവരുടെയും ചര്‍ച്ച. ചുറ്റുമുള്ളവരെല്ലാം നമ്മുടെ സ്വന്തമാണ് എന്നു തോന്നുന്ന ഒരു വികാരമാണ് ഇവിടെ നിന്നും ലഭിച്ചത്. 

ഇങ്ങോട്ട് വരുമ്പോള്‍ ആകാംഷയും ഭയവും സന്തോഷവും എല്ലാംകൂടി ചേര്‍ന്ന ഒരു വികാരമായിരുന്നു മനസില്‍. എന്നാല്‍ ഇവിടെ എത്തിയതോടുകൂടി അതെല്ലാം സന്തോഷത്തിലേക്ക് വഴിമാറി. ഒറ്റ ദിവസം കൊണ്ടുതന്നെ മേള അത്രത്തോളം ഇഷ്ടപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ ഞാനും ഉണ്ടാകും മേളയുടെ ഭാഗമാകാന്‍. അതിനുവേണ്ടി ഞാനെന്റെ സമയം മാറ്റിവെയ്ക്കും.  

മേളയുടെ ഭാഗമായി സ്വന്തം ചിത്രം കണ്ടപ്പോള്‍?

എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. എന്റെ ആദ്യത്തെ ചിത്രം. ആ സിനിമ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക എന്നു പറഞ്ഞാല്‍ അതിനേക്കാള്‍ അഭിമാനകരമായ ഒരു നിമിഷം വേറെയുണ്ടോ. സിനിമയെ ഇത്രത്തോളം ഗൗരവത്തോടെ കാണുന്ന, വിമര്‍ശിക്കുന്ന, ആസ്വദിക്കുന്ന ഒരു കൂട്ടത്തോടൊപ്പം ഇരുന്ന് ആ സിനിമ കാണുമ്പോള്‍ മനസില്‍ അഭിമാനമായിരുന്നു. ശരിക്കും അനുഗ്രഹിക്കപ്പെട്ട നിമിഷമായിരുന്നു അത്. തൊണ്ടിമുതലിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മിക്കവരും ഇവിടെ എത്തിയിട്ടുണ്ട്. അവരോടൊപ്പം എല്ലാവരും നമ്മളെയും തിരിച്ചറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ അഭിമാനത്തോടെ പറയുകയാണ് ഞാന്‍ പോത്തേട്ടന്റെ കൊച്ചാണെന്ന്. 

ന്യൂട്ടന്‍ എന്ന സിനിമ?
 
ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ സന്തോഷം കൊണ്ട് മനസ് നിറയുന്ന അനുഭവം എല്ലായ്പ്പോഴും കിട്ടാറില്ല. എന്നാല്‍ അങ്ങനെ മനസു നിറച്ച ചിത്രമാണ് ന്യൂട്ടന്‍. രാജ്കുമാര്‍ റാവു എന്ന നടന്‍ നിറഞ്ഞു നില്‍ക്കുകയാണ് ആ സിനിമ മുഴുവന്‍. അദ്ദേഹത്തിന്റെ ഓരോ സംഭാഷണത്തിനും തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. ആ സിനിമ മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. എല്ലാവരുടെയും അഭിനയവും, സംവിധാനവും ഛായാഗ്രഹണവും എല്ലാം ഇഷ്ടപ്പെട്ടു.