കാലാവസ്ഥാ വ്യതിയാനം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് പത്മശ്രീ പുരസ്‌കാര ജേതാവായ സംവിധായകന്‍ നിള മാധബ് പാണ്ഡ. ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മാധബിന്റെ പുതിയ ചിത്രം 'കട് വി ഹവാ' ചര്‍ച്ച ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനവും അത് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ്.

കേരളത്തില്‍ ഇപ്പോഴുണ്ടായ ചുഴലിക്കാറ്റും ഡല്‍ഹിയിലെ സ്‌മോഗും ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്. എന്റെ നാടായ ഒഡീഷയില്‍ ഒരു ഭാഗത്ത് കടുത്ത വരള്‍ച്ചയും മറുഭാഗത്ത് വെള്ളപ്പൊക്കവുമാണ്. 2030 ഓടെ  കാലാവസ്ഥാ വ്യതിയാനം10 കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്കിന്റെ സര്‍വേ പറയുന്നത്. അതു തന്നെയാണ് എന്നെ കട് വി ഹവായിലേക്ക് എത്തിച്ചതും.

നമ്മളുടെ പ്രവൃത്തികള്‍ കൊണ്ടുണ്ടാകുന്ന മലിനീകരണം പലപ്പോഴും വലിയ തോതില്‍ ബാധിക്കുന്നത് ഗ്രാമീണ ജനതയെയാണ്. കര്‍ഷകരെയാണ്. ജീവിതത്തില്‍ പൂജ്യം ശതമാനം കാര്‍ബണ്‍ കമിഷന്‍ നടത്തുന്ന വൈദ്യുതി യോ വാഹനമോ ഇല്ലാത്തവരാണവര്‍. അവരെക്കുറിച്ചു കൂടിയാണ് ഈ ചിത്രം.

സിനിമയ്ക്ക് എപ്പോഴും പ്രേക്ഷകരോട് എന്തെങ്കിലും സംവദിക്കാനുണ്ടാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. സിനിമയിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതും അതാണ്. ഐഎഫ്എഫ്‌കെ പോലുള്ള വേദികള്‍ അത്തരം സംവേദനത്തിനുള്ള വലിയ അവസരമാണ് ഒരുക്കുന്നത്  മാധബ് പറഞ്ഞു.