എഫ്എഫ്കെയില്‍ ക്ഷണിക്കപ്പെടാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ഒത്തുതീര്‍പ്പിന് വഴങ്ങിയത് ഒരു മുഖ്യധാരാ നടിയെന്ന നിലയിലുള്ള സമ്മര്‍ദം മൂലമാണെന്ന് 'മിന്നാമിനുങ്ങി'ന്റെ സംവിധായകന്‍ അനില്‍ തോമസ്. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. സുരഭിയ്ക്ക് പാസ് കൊടുത്തില്ല എന്ന രീതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി 'മിന്നാമിനുങ്ങ്' തഴയപ്പെട്ടതിന് മറയിടുകയായിരുന്നെന്നും അനില്‍ തോമസ് മാതൃഭൂമി.കോമിനോട് പറഞ്ഞു.

മിന്നാമിനുങ്ങിനെ ഒഴിവാക്കിയത് മന:പൂര്‍വം

മിന്നാമിനുങ്ങിന് മത്സരവിഭാഗത്തില്‍ മാത്രമല്ല മലയാള സിനിമ ടുഡെയിലും ഇന്ത്യന്‍ സിനിമ വിഭാഗത്തിലും എന്‍ട്രി കൊടുത്തിരുന്നു. ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താതിരുന്നത് മത്സര വിഭാഗത്തില്‍ പരിഗണിച്ചതിനാലാണെന്ന് കമല്‍ സാര്‍ പറയുന്നു. എന്നാല്‍, സനല്‍കുമാര്‍ ശശിധരന്‍ മത്സരവിഭാഗത്തില്‍ നിന്നും പിന്‍വലിച്ചു പോയ ഒരു ചിത്രം മലയാള സിനിമാ വിഭാഗത്തില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് ഇവിടെ എഴുത്തുകുത്തുകള്‍ വരെ നടന്നു. സനല്‍ ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. അപ്പോള്‍ റൂള്‍സ് അല്ല പ്രശ്നം.

ചര്‍ച്ച ചെയ്യപ്പെടേണ്ടത് സിനിമ അവഗണിച്ചതിനെ പറ്റി

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് ഈ ചിത്രം അവഗണിച്ചതിനെ പറ്റിയാണ്. ജൂറി കണ്ട് തീരുമാനിച്ചു എന്ന് ലാഘവബുദ്ധിയോടെ പറയുകയാണ് അക്കാദമി ചെയ്യുന്നത്. ഈ സിനിമ മത്സര വിഭാഗത്തില്‍ മാത്രം കാണിക്കണം എന്ന് നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതിനോട് ഞങ്ങള്‍ പ്രതികരിച്ചപ്പോള്‍ സുരഭിയെ പോലും അവഗണിക്കുകയായിരുന്നു. ഒടുവില്‍ സുരഭിക്ക് പാസ് ലഭിച്ചില്ല എന്ന വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കി പ്രശ്നം അവസാനിപ്പിക്കാനാണ് അക്കാദമി ശ്രമിക്കുന്നത്.

സുരഭി മുഖ്യധാരയില്‍ നില്‍ക്കുന്ന ഒരു നടിയാണ്. സ്വാഭവികമായും എതിര്‍പ്പിനെ ഒരു പരിധിയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകാനാവില്ല. മുഖ്യധാരയില്‍ നില്‍ക്കുന്നവര്‍ക്കെതിരെ ഇങ്ങനെ പ്രതികരിച്ചാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെടും എന്നതാവും അവര്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്ക്. അത് വളരെ ബാലിശമാണെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, ഒരു കലാകാരിയെന്ന നിലയില്‍ സുരഭി സ്വതന്ത്രമായി വിലയിരുത്തുമ്പോള്‍ എന്തിനാണ് ഞാന്‍ ഒരുപാട് പേരുടെ ബാഡ്ബുക്കിലേക്ക് കയറുന്നതെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. 

എന്നാല്‍, സുരഭി എന്ന നടി ഒരു സുപ്രഭാതത്തില്‍ എണീറ്റുപോയി രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങിച്ചതല്ല. അതിനുപിന്നില്‍ എന്റെയും എന്റെ ക്രൂവിന്റെയും കൃത്യമായ പ്രയത്നമുണ്ട്. അതിവിടെ പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടെന്നതിന് എനിക്ക് മറുപടി കിട്ടണം.

anil thomas

അക്കാദമിയില്‍ നടക്കുന്നത് ബീനാ പോളിന്റെ ഇഷ്ടം മാത്രം

'മിന്നാമിനുങ്ങ്' ഉള്‍പ്പെടുത്താത്തതിനെ ചോദിച്ചപ്പോഴും അത് അക്കാദമി സുതാര്യമായാണ് തീരുമാനിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്. അക്കാദമി ഒരു സിംഗിള്‍ പേഴ്സനിലേക്ക് ഒതുങ്ങുന്നു. അവരുടെ ഇഷ്ടങ്ങളാണ് ഇവിടെ നടക്കുന്നത്. ബീനാ പോളിന്റെ ഏകാധിപത്യമാണ് അക്കാദമിയില്‍ നടക്കുന്നത്.

2013ല്‍ വന്ന ഗീതു മോഹന്‍ദാസിന്റെ ചിത്രം 'ലയേഴ്സ് ഡയസ്' ഇത്തവണ മൈഗ്രേഷന്‍ എന്ന പ്‌ളാറ്റ്ഫോമില്‍ പെടുത്തി ഇവിടെ കാണിക്കുന്നുണ്ട്. 2016ല്‍ മാന്‍ ഹോള്‍ എന്ന ചിത്രത്തിന് മികച്ച സംവിധായികയ്ക്കും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും എന്റേതുമുള്‍പ്പെടെയുള്ള ചിത്രങ്ങളോട് കിടപിടിച്ച് പുരസ്‌കാരം നേടിയ ചിത്രമാണിത്. ഈ പുരസ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 16 ലക്ഷത്തോളം രൂപയാണ് ലഭിക്കുന്നത്. ജൂറിയ്ക്ക് മറ്റു ചിത്രങ്ങള്‍ മികച്ച ചിത്രമോ നല്ല സംവിധാനമോ ആയി തോന്നിയില്ലേ. 

കള്‍ച്ചറല്‍ ഇന്ററാക്ഷന്റെ ഭാഗമായി 2006ല്‍ ഏഴു ചിത്രങ്ങള്‍ ഇവിടെനിന്ന് യൂറോപ്പിലേക്ക് കൊണ്ടുപോയിരുന്നു. അതില്‍ ആറു ചിത്രങ്ങളുടെയും സംവിധായകരെയാണ് കൊണ്ടുപോയത്. എന്നാല്‍ അവിര റെബേക്കയുടെ 'തകരച്ചെണ്ട' എന്ന ചിത്രത്തോടൊപ്പം കൊണ്ടുപോയത് നായികയായ ഗീതു മോഹന്‍ദാസിനെയാണ്. അവിര റെബേക്ക മാറ്റിനിര്‍ത്തപ്പെട്ടു. 

ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്. അവസാനം ഇതെല്ലാം എത്തിപ്പെടുന്നത് കുറച്ച് ആളുകളിലേക്കാണ്. എന്നിട്ട് ഇവിടെ വേറൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ട് ഇവിടെ സമത്വമില്ല എന്ന് പറയുകയാണ്. ഇവിടെ സമത്വമില്ലായ്മ അനുഭവിക്കുന്ന പുരുഷന്‍മാരുമുണ്ട്. ബീനാ പോള്‍ തന്റെ സംഘടനയായ ഡബ്ല്യുസിസിയ്ക്ക് അക്കാദമിയിലും മേളയിലും ഉള്‍പ്പെടെ അനാവശ്യ പ്രാതിനിധ്യം നല്‍കുകയാണ്.

മേല്‍പറഞ്ഞതുള്‍പ്പെടെ പലകാര്യങ്ങളിലും ബീനാ പോളിന്റെ ഇടപെടല്‍ സംശയാസ്പദമാണ്. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഏത് സര്‍ക്കാരും ചെയര്‍മാനും വന്നാലും അവസ്ഥ ഇതുതന്നെയാണ്. അവര്‍ക്ക് താല്‍പര്യമുള്ള സിനിമകളും ക്യൂറേറ്റര്‍മാരും മാത്രം വരുന്നു. ജൂറിയുടെ തീരുമാനത്തിന് പിന്നിലും മറ്റിടപെടലുകളുണ്ട്.

ചലച്ചിത്രമേള സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം

ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ ഇതുവരെ നടത്തിയ ഫെസ്റ്റിവലുകളുടെ സോഷ്യല്‍ ഓഡിറ്റ് നടത്തണം. ഇല്ലെങ്കില്‍ അപകടത്തിലേക്കാണ് പോകുന്നത്. ഇവിടെ നടക്കുന്ന ദുഷ്പ്രവണതകളുടെ വിശദാംശങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന അനീതിയ്ക്ക് കൃത്യമായ തെളിവുകളുണ്ട്. സമാനമനസ്‌കരായ ചലച്ചിത്രപ്രവര്‍ത്തകരുമായി ചേര്‍ന്ന് അതിനെതിരെ നടപടികള്‍ക്കായി ശ്രമിക്കും.

എന്റെ അനുഭവം പോലെ തന്നെ സനലും (സനല്‍കുമാര്‍ ശശിധരന്‍), ഡോ. ബിജു, ഷെറി തുടങ്ങിയവര്‍ക്കെല്ലാം ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അക്രഡിറ്റേഷനുള്ള ഫിയാഫിന്റെ വരെ ശ്രദ്ധയില്‍ പെടുത്തേണ്ടിയിരിക്കുന്നു. മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കും.

Content Highlights : IFFK2017, 22ndIFFK, Surabhi Lakshmi IFFK, Anil Thomas, Minnaminungu Movie