ക്ഷണം ലഭിച്ചെങ്കിലും രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ പങ്കടുക്കില്ലെന്ന് നടി സുരഭിലക്ഷ്മി. കമല്‍ സാര്‍ എന്നെ വിളിച്ചിരുന്നു. ക്ലോസിങ് സെറിമണിയ്ക്ക് വിളിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്‍വിറ്റേഷനും കിട്ടി. പക്ഷേ, മുമ്പേ തീരുമാനിച്ചിട്ടുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ എനിക്ക് വരാന്‍ പറ്റില്ല. ഒരു പത്തോ പതിനഞ്ചോ ദിവസം മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പങ്കെടുത്തേനെ-സുരഭി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഐ.എഫ്.എഫ്.കെയിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് താന്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും സുരഭി പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഐ. എഫ്. എഫ്.കെ.യ്ക്ക് സമാന്തരമായി സംഘടിപ്പിക്കുന്ന കാഴ്ച ചലച്ചിത്രമേളയില്‍ മിന്നാമിനുങ് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുരഭി തിരുവനന്തപുരത്ത് എത്തിയത്.

സുരഭിയുമായുള്ള അഭിമുഖത്തില്‍ നിന്ന്

ഐഎഫ്എഫ്‌കെയ്ക്ക് പ്രദര്‍ശിപ്പിക്കാത്തതിലുള്ള പ്രതിഷേധം കൊണ്ടല്ല 'മിന്നാമിനുങ്ങ്' സമാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും പുറത്ത് പോയി അംഗീകാരം നേടുന്ന സിനിമകള്‍ക്ക് ഇത്രയും സിനിമകള്‍ക്കിടയില്‍ ഭാവിയില്‍ ഒരു ഇടം ഉണ്ടാകണം. വളരെ പരിമിതികള്‍ക്കിടയില്‍ ചെയ്ത സിനിമയാണിത്. തിയേറ്ററുകളിലും ഇത് കാര്യമായി പ്രദര്‍ശിപ്പിക്കാനായിട്ടില്ല. അപ്പോള്‍ ഐഎഫ്എഫ്‌കെയ്ക്ക് വരുമ്പോള്‍ കാണാമെന്ന് കരുതിയിരുന്ന ധാരാളം പേരുണ്ട്. ദേശീയ അവാര്‍ഡ് കിട്ടയ പടമായതിനാല്‍ എന്തായാലും വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഞങ്ങളും അത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. അതുകൊണ്ട് ആ ചിത്രം കാണാനുള്ള ഒരവസരം എന്ന രീതിയിലാണ് ഇന്ന് സമാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ സിഡി പ്രകാശം കൂടിയാണിന്ന്.

പാര്‍വതി ഇപ്പോള്‍ ഐഎഫ്എഫ്‌ഐയില്‍ ഒരു അവാര്‍ഡ് വാങ്ങിച്ചുവന്നു. അതുപോലെ അഞ്ചും പത്തും പതിനഞ്ചും വര്‍ഷം കഴിയുമ്പോഴാണ് ഇവിടെ മികച്ച നടനോ നടിയ്‌ക്കോ ഉള്ള ദേശീയ അവാര്‍ഡൊക്കെ ലഭിക്കുന്നത്. അത്തരത്തിലുള്ള കലാകാരന്‍മാരെയും കലാസൃഷ്ടികളെയും അംഗീകരിക്കേണ്ടതാണ്. എന്നാല്‍, ഇത് കീഴ്‌വഴക്കങ്ങളെന്നുമില്ല. നമ്മുടെ ആല്‍കളെ നമ്മള്‍ തന്നെ പ്രോത്സാഹിപ്പിക്കണമെന്നേ പറഞ്ഞുള്ളൂ. ഇതുവരെ പത്രക്കാരെ വിളിച്ചോ പ്രസ് മീറ്റ് നടത്തിയോ എന്നെ ഐഎഫ്എഫ്‌കെയില്‍ വിളിച്ചിട്ടില്ലെന്നോ, എനിക്ക് പാസ് നിഷേധിച്ചിട്ടുണ്ടെന്നോ, എന്റെ വീട്ടില്‍ പാസ് കൊണ്ടുവന്ന് തരണമെന്നോ, എന്നെ ആദരിക്കണമെന്നോ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് അത്തരത്തിലുള്ള പരാതിയോ പരിഭവങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

ഐഎഫ്‌കെയുടെ ഓപ്പണിങ് സെറിമണിയുടെ സമയത്ത് ഒരു മാധ്യമസുഹൃത്ത് ഐഎഫ്എഫ്‌കെയ്ക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍, പാസിന് ശ്രമിച്ചിട്ട് കിട്ടിയില്ല. അങ്ങനെ മണിയന്‍പിള്ള രാജുച്ചേട്ടനെ വിളിച്ചപ്പോള്‍ കമല്‍സാറിനെ വിളിക്കണമെന്ന് പറഞ്ഞു. സാറിനെ വിളിച്ചപ്പോള്‍ പാസ് തരാമെന്നും ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും വിളിക്കുമെന്നും പറഞ്ഞു. പക്ഷേ, വിളിയൊന്നും ഉണ്ടായില്ലെന്നും മറുപടി പറഞ്ഞു. രജിഷ വേദിയില്‍ ഉണ്ടായിട്ടും സുരഭിയെ വിളിച്ചില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ സദസില്‍ വരാന്‍ കുഴപ്പമില്ലെങ്കിലും ക്ഷണിക്കാതെ ഒരു വേദിയില്‍ കയറിച്ചെല്ലാന്‍ പറ്റില്ലല്ലോ എന്നും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല എന്നും പറഞ്ഞു. 

പിന്നെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്. ഐഎഫ്എഫകെയ്ക്ക് ഒരുപാട് വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ അത് എന്റെ പേരിലായെന്നു മാത്രം. അതിന്റെ പേരില്‍ സ്വാഭാവികമായും ഒരു സാധാരണ മനുഷ്യന് ഉണ്ടാകുന്ന വിധത്തില്‍ വിഷമമുണ്ട്. വിഷമം വരും പിന്നെ അതങ്ങ് മാറും. 

വാര്‍ത്ത വന്ന് പിറ്റേന്ന് സുരഭി കമല്‍ സാര്‍ എന്നെ വിളിച്ചിരുന്നു. ക്ലോസിങ് സെറിമണിയ്ക്ക് വിളിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്നലെ ഇന്‍വിറ്റേഷനും കിട്ടി. പക്ഷേ, മുമ്പേ തീരുമാനിച്ചിട്ടുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ എനിക്ക് വരാന്‍ പറ്റില്ല. ഒരു പത്തോ പതിനഞ്ചോ ദിവസം മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പങ്കെടുത്തേനെ.