ടൊവീനോയ്‌ക്കൊപ്പം തരംഗത്തിലെ നായികയായിരുന്നു ശാന്തി ബാലചന്ദ്രന്‍. എന്നാല്‍, ശാന്തി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കെത്തിയത് തരംഗത്തിലെ നായിക എന്ന ഖ്യാതിയിലല്ല. രണ്ടുപേരിലെ നായികയായി സ്വല്‍പം തലയെടുപ്പോടെ തന്നെയാണ് ശാന്തി വന്നിരിക്കുന്നത്. ശാന്തിയുടെ ആദ്യ ചിത്രം കൂടിയായ രണ്ടുപേരാണ് മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ഒരു മലയാള ചിത്രം. ആകെ രണ്ട് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അതുകൊണ്ട് തന്നെ സിനിമാരംഗത്ത് ഒരു പുതുക്കക്കാരിയെങ്കിലും മേളയില്‍ ശാന്തിയുടെ താരപരിവേഷം ഇരട്ടിയാണ്. തന്റെ കന്നി ചിത്രം കൂടിയായ രണ്ടുപേരുടെ വിഷേങ്ങളാണ് യു.കെ.യില്‍ ഗവേഷണ വിദ്യാര്‍ഥികൂടിയായ ശാന്തി മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നത്.

രണ്ടുപേര്‍

സവിശേഷമായൊരു അനുഭവമായിരുന്നു. ആദ്യമായിട്ടായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്റെ ഭാഗം ഷൂട്ട് ചെയ്തത്. തിയേറ്ററില്‍ നിന്ന് സിനിമയിലേയ്ക്കുള്ളത് ഒരു തികഞ്ഞ പരിവര്‍ത്തനമായിരുന്നു എനിക്ക്. സിനിമയോട് അങ്ങേയറ്റം അഭിനിവേശമുള്ളവര്‍ ഉണ്ടാക്കിയ സിനിമയാണത്. അങ്ങനത്തൊരു ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുക, അണിയറയിലെ കാര്യങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരുന്നു. അല്ലാതെ ക്യാമറയ്ക്ക് മുന്നില്‍ വെറുതെ അഭിനയിക്കുക മാത്രമായിരുന്നില്ല. മൊത്തത്തില്‍ നല്ലൊരു അനുഭവമായിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ രണ്ട് ചിത്രങ്ങളില്‍ ഒന്നായതില്‍ സന്തോഷമുണ്ട്.

പുതുക്കക്കാരുടെ ചിത്രം 

മത്സരവിഭാഗത്തില്‍ ഇടം നേടിയപ്പോള്‍ അദ്ഭുതം തോന്നി. വാര്‍ത്ത വന്നപ്പോള്‍ വല്ലാത്തൊരു ആവേശമാണ് തോന്നിയത്. ഐ. എഫ്. എഫ്.കെയില്‍ സെലക്ഷന്‍ കിട്ടുക എന്നതു തന്നെ ഒരു വലിയ കാര്യമാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. മിക്ക ആളുകളുടെയും ആദ്യത്തെ ചിത്രമായിരുന്നു അത്. നിര്‍മാവാതിന്റെയും സംവിധായകന്റെയും എന്റെയുമെല്ലാം ആദ്യ ചിത്രമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കല്ലാവര്‍ക്കും സന്തോഷമുണ്ട്. ഒരുപാട് കാലത്തെ അധ്വാനം കൊണ്ടാണ് ഒരു സിനിമ യാഥാര്‍ഥ്യമാവുന്നത്. ഈ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള ഒരു ആകാംക്ഷ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്.

ഇംഗ്ലണ്ടിലെ ഗവേഷണത്തില്‍ നിന്നും സിനിമയിലേയ്ക്കുള്ള വരവ്

കഴിഞ്ഞ വര്‍ഷം യു.കെയില്‍ നിന്ന് തീസില്‍ തീര്‍ക്കാനായി ഒരു ബ്രേക്കെടുത്താണ് വന്നത്. അതിന്റെ കൂടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കൊച്ചിയില്‍ ഒരു നാടകത്തിന്റെ ഓഡിഷന്റെ പരസ്യം കാണുന്നത്. അവരുടെ ആദ്യത്തെ നാടകമായിരുന്നു. അതിലെ നായികയാവാനായി. ദി ലവര്‍ എന്ന ഇംഗ്ലീഷ് നാടകമായിരുന്നു. അത് ചെയ്തുകഴിഞ്ഞപ്പോള്‍ അഭിനയം എന്ന പ്രക്രിയയോട് വല്ലാത്തൊരു ഇഷ്ടം തോന്നി. അതിന്റെ ട്രെയിലറും ടീസറുമൊക്കെ പുറത്തിറക്കിയിരുന്നു. സത്യത്തില്‍ അതിലൂടെയാണ് സിനിമയിലെത്തുന്നത്. ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിക്കുന്ന ഏദനിലെ നന്ദിനിയും അഭിനയിച്ചിരുന്നു. നാടകത്തില്‍ വച്ചാണ് ഞാന്‍ നന്ദിനിയെ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. നന്ദിനിയാണ് എന്റെ ഫോട്ടോ രണ്ടുപേരുടെ അണിയറക്കാര്‍ക്ക് അയച്ചുകൊടുത്തത്. അവര്‍ക്ക് ട്രെയിലറും ടീസറും ഇഷ്ടമായി. എന്നോട് അഭിനയിക്കാന്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോള്‍ പ്രേക്ഷകരെ അഭിമുഖീകരിക്കാന്‍ പോവുകയാണല്ലോ

സിനിമയില്‍ പല പല പ്രക്രിയകളുമുണ്ട്. ഷൂട്ട് ചെയ്യുമ്പോഴുള്ളതല്ല എഡിറ്റിങ് ടേബിളിലെത്തുന്നത്. അതിനെ അതിന്റെ പൂര്‍ണരൂപത്തില്‍ കാണുന്നതിന്റെ ഒരു ആവേശമുണ്ട്. സംഗീതവും എല്ലാം ചേര്‍ത്തശേഷമുള്ള സിനിമ റഷസ്സില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അത് കാണുന്നതിന്റെയും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതിന്റെയും ആവേശമുണ്ട്.

പ്രദര്‍ശനത്തിന്റെ പ്രതീക്ഷകള്‍

ഒരുപാട് നല്ല സിനിമകളുടെ കൂടെയാണ് രണ്ടുപേര്‍ പ്രദര്‍ശിപ്പിക്കുന്നത്. അത് ഞങ്ങള്‍ക്ക് ആവേശം പകരുന്ന ഒരു കാര്യമാണ്. മത്സരത്തില്‍ എന്താണ് സംഭവിക്കുക എന്നറിയില്ല. ഒന്നുറപ്പാണ്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെല്ലാം മികച്ചവയാവും. അതെല്ലാം കാണാനുള്ള ഒരു ആകാംക്ഷയുമുണ്ട് എനിക്ക്.

ഇനി എന്ത്

ഞാന്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. കുറച്ച് ഒാഫറുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഒന്നും വാക്ക് കൊടുത്തിട്ടുമില്ല. ക്രിയാത്മകമായ കാര്യങ്ങളിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇങ്ങനെ ക്രിയേറ്റീവായ ആളുകളുമായി സഹകികരിക്കുമ്പോഴാണ് എനിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നത്. അക്കാദമിക് കാര്യങ്ങള്‍ ഞാന്‍ എന്നും തുടര്‍ന്നുപോരുന്നുണ്ട്. അത് തുടര്‍ന്നും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. അഭിനയം മാത്രമല്ല, ഫിലിം മേക്കിങ് മൊത്തത്തില്‍ എനിക്ക് താത്പര്യമുള്ള കാര്യമാണ്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എനിക്ക് ഇത് തുടരാനാവുമെന്നാണ് കരുതുന്നത്.